കൊച്ചി : മൊഴി മാറ്റി പറയാന്‍ പൊലീസിനെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നെന്ന് സ്വപ്ന സുരേഷ്. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്ന തന്റെ വെളിപ്പെടുത്തലാണ് സമ്മര്‍ദത്തിലാക്കിയതെന്നാണ് സ്വപ്ന ആരോപിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉള്‍പ്പെടെ പങ്കുണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തും പാലക്കാടും സ്വപ്നയ്‌ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ വാദങ്ങള്‍ക്കിടെയാണ് സ്വപ്‌ന സുരേഷ് തന്റെ ആശങ്ക കോടതിയെ അറിയിച്ചത്. എന്നാല്‍ സ്വപ്ന ഗൂഢാലോചന നടത്തിയെന്നു ഗുഢാലോചനയില്‍ പങ്കെടുത്തയാള്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ടെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.
ഇത് റദ്ദാക്കണമെന്നാണ് സ്വപ്‌നയുടെ ആവശ്യം. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നു ജസ്റ്റിസ് സിയാദ് റഹ്മാന്‍ വിധി പറയാന്‍ മാറ്റി.കേസ് പരിഗണിക്കവേ സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇഡിയുടെ അന്വേഷണവുമായി ഗൂഢാലോചനക്കേസിന് ബന്ധമില്ലെന്നും ഇഡിയുടെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഈ കേസില്‍ കാത്തിരിക്കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സമാന്തര അന്വേഷണമല്ല നടക്കുന്നത്.
സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നില്‍ സ്ഥാപിത താല്‍പര്യമുണ്ടെന്നു സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ. ഷാജി വാദിച്ചു. സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തപ്പോഴൊന്നും പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ സ്വപ്ന പറയുന്നത്. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്നയ്ക്ക് എങ്ങനെ രഹസ്യമൊഴി നല്‍കാനാവും? ഗൂഢാലോചനക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇഡിക്ക് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഇ.ഡി. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സ്വപ്നയുടെ അഭിഭാഷകന്‍ അറിയിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി സ്വപ്നയ്ക്കു ബന്ധമുണ്ടെന്ന് ആരും ആരോപണം ഉയര്‍ത്തിയിട്ടില്ലെന്നും തെളിവില്ലാതെയാണു കേസെടുത്തതെന്നും സ്വപ്നയുടെ അഭിഭാഷകന്‍ ആര്‍.കൃഷ്ണരാജ് വാദിച്ചു.
ഈ കേസിലെ വിധി സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. സ്വപ്‌നക്കെതിരായ ഗൂഢാലോചനാ കേസുകള്‍ റദ്ദാക്കിയാല്‍ അത് സര്‍ക്കാറിന് വന്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. അതിനിടെ എന്‍ ഐ എ റെയ്ഡില്‍പിടിച്ചെടുത്ത ഐ ഫോണ്‍ വിട്ടു കിട്ടണമെന്ന് സ്വപ്ന സുരേഷ് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ്. കോടതിയില്‍ ഇക്കാര്യം ഉന്നയിക്കാനാണ് നീക്കം. റെയ്ഡില്‍ പിടിച്ചെടുത്ത ഫോണുകളില്‍ ഒന്ന് മഹസറില്‍ രേഖപ്പെടുത്താതെ മുക്കിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ തെളിവുകള്‍ ഈ ഫോണില്‍ ഉണ്ടെന്നാണ് സ്വപ്ന അവാകാശപ്പെടുന്നത്
ബംഗളൂരുവില്‍ സ്വപ്ന സുരേഷ് പിടിയിലായതിന് പുറകെ തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എന്‍ ഐ എ സ്വപ്നയുടെ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഇങ്ങനെ പിടിച്ചെടുത്ത ഫോണുകളില്‍ ഒരു ഐ ഫോണ്‍ മഹസര്‍ രേഖയില്‍ ഉള്‍പ്പെടുത്താതെ മുക്കിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്.
സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറും താനും നടത്തിയ സംഭാഷണങ്ങളും മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്കും തെളിയിക്കാനുള്ള നിര്‍ണ്ണായക വാട്ട്‌സ് ആപ് ചാറ്റുകളും ഇമെയില്‍ രേഖകളും ഈ ഫോണില്‍ ഉണ്ടെന്നാണ് സ്വപ്ന പറയുന്നത്
ഇക്കാര്യം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. ഈ ഫോണ്‍ ഹാജരാക്കാന്‍ എന്‍ഐഎയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അടുത്ത ദിവസം സ്വപ്ന എന്‍ഐഎ കോടതിയെ സമീപിക്കും.കാണാതായ ഐ ഫോണിന്റെ കോഡ് അടക്കമുള്ള രേഖകള്‍ ലഭിച്ചാല്‍ ഉടന്‍ കോടതിയില്‍ ഹര്‍ജി നല്‍കും.
തന്നെ കാണാനെത്തിയ ഘടത്തില്‍ എം ശിവശങ്കര്‍ ഈ ഫോണ്‍ ഉപയോഗിച്ച് പുതിയ ഇ മെയില്‍ ഐഡിയുണ്ടാക്കി കോണ്‍സുല്‍ ജനറലിനടക്കം ഇ മെയിലുകള്‍ അയച്ചിട്ടുണ്ടെന്നും പലതിനും ഇതില്‍ മറുപടി എത്തിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നുണ്ട്.ഫോണ്‍ ലഭിച്ചാല്‍ ഈ രേഖകള്‍ വീണ്ടെടുക്കാനാകും. എന്നാല്‍ തെളിവ് പുറത്ത് വരാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ മനപ്പൂര്‍വ്വം മാറ്റിയതാണെന്നും സ്വപ്ന ആരോപിക്കുന്നു. സ്വപ്നയുടെ ആരോപണങ്ങളോട് എന്‍ഐഎ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
0 Comments