അമേരിക്കയും യൂറോപ്യന്‍ യൂണിയനും അടക്കമുള്ള മേഖലകള്‍ പ്രധാന സന്ദേശ കൈമാറ്റ ആപ്പുകളെല്ലാം ഒരാള്‍ നിയന്ത്രിക്കുന്നതിനെതിരെ താമസിയാതെ നിലപാട് എടുക്കാനുള്ള സാധ്യതയും ഉണ്ട്. ഷോർട്ട് വിഡിയോ കൈമാറുന്ന ആപ്പായ ടിക്‌ടോക്കിന്റെ അപ്രതീക്ഷിത മുന്നേറ്റവും സക്കര്‍ബര്‍ഗിനെ വിറപ്പിച്ചു. ഫെയ്‌സ്ബുക്കിന്റെ വളര്‍ച്ച പോലും മുരടിച്ചു. ഇതു കൂടാതെ ഫെയ്‌സ്ബുക് ഇനി മെറ്റാവേഴ്‌സില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതും വാട്‌സാപ് ഇനി വേണ്ടെന്ന തീരുമാനത്തിലേക്കു നയിച്ചേക്കാം.
പക്ഷേ, അതിനെല്ലാം പുറമെ പണത്തിന്റെ കളികളും വാട്‌സാപ് വില്‍ക്കാന്‍ സക്കര്‍ബര്‍ഗിനെ പ്രേരിപ്പിച്ചേക്കാം എന്നാണ് മനസിലാകുന്നത്.
കമ്പനി 2014ല്‍ 1900 കോടി ഡോളര്‍ നല്‍കി വാങ്ങിയതാണ് വാട്‌സാപ്. അതിനു മുൻപ് 2012ല്‍ സക്കര്‍ബര്‍ഗ് വാങ്ങിയ ആപ്പാണ് ഇന്‍സ്റ്റഗ്രാം. അത് സ്വന്തമാക്കാന്‍ ഫെയ്‌സ്ബുക് നല്‍കിയത് 100 കോടി ഡോളറാണ്. അവസാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്‍സ്റ്റഗ്രാം 2019ല്‍ മാത്രം ഫെയ്‌സ്ബുക് ഗ്രൂപ്പിന് സമ്മാനിച്ചിരിക്കുന്നത് 1900 കോടി ഡോളറിന്റെ വരുമാനമാണ്.
മറിച്ച് വാട്‌സാപ്പില്‍ നിന്നുള്ള വരുമാനം ചില്ലിക്കാശ് മാത്രമാണ്. വാട്‌സാപ്പ് വാങ്ങി 8 വര്‍ഷത്തിനു ശേഷവും സക്കര്‍ബര്‍ഗിന് അതിനെ ലാഭത്തിലാക്കാന്‍ സാധിച്ചിട്ടില്ലെന്നുള്ളത് ആശ്ചര്യമുളവാക്കുന്ന കാര്യമാമെന്ന് ബ്ലൂംബര്‍ഗ് നിരീക്ഷിക്കുന്നു. ഇപ്പോള്‍ ഫെയ്‌സ്ബുക്കിന്റെ വരുമാനത്തില്‍ നിന്ന് കൈയ്യിട്ടുവാരി പ്രവര്‍ത്തിക്കുന്ന ആപ്പാണ് വട്‌സാപ്.
• തുടക്കത്തില്‍ വാട്‌സാപ്പിന്റെ വരിസംഖ്യ 99 സെന്റ്‌സ്
എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആപ്പായി 2009ലാണ് ബ്രയന്‍ ആക്ടണും ജാന്‍ കോമും ചേര്‍ന്ന് വാട്‌സാപ് തുടങ്ങുന്നത്. ഈ ആപ്പിന് തുടക്കത്തില്‍ മാസവരി ഉണ്ടായിരുന്നു – പ്രതിമാസം 99 സെന്റ്‌സ്. സ്ഥാപകര്‍ വരിസംഖ്യ ഈടാക്കാന്‍ കാരണം പരസ്യങ്ങള്‍ വേണ്ട എന്ന നിലപാടു മൂലമായിരുന്നു. ആപ്പിനൊപ്പം സ്ഥാപകരും മികച്ച ശമ്പളത്തിന് ഫെയ്‌സ്ബുക്കില്‍ ജോലിക്ക് എത്തുകയുമുണ്ടായി.
എന്നാല്‍, ഫെയ്‌സ്ബുക് വാട്‌സാപ്പില്‍ പരസ്യങ്ങള്‍ കൊണ്ടുവരുന്ന കാര്യം പരിഗണിച്ചതോടെ സ്ഥാപകര്‍ ഒരോരുത്തരായി കമ്പനിയില്‍ നിന്നു പടിയിറങ്ങി. പക്ഷേ, 2020ല്‍ വാട്‌സാപ് ഈ തീരുമാനത്തില്‍ നിന്നു പിന്നോട്ടു പോയി. പകരം ബിസിനസ് സ്ഥാപനങ്ങള്‍ക്കായി വാട്‌സാപ് പ്രവര്‍ത്തിപ്പിച്ച് അതില്‍ നിന്നു ലാഭമുണ്ടാക്കാമെന്ന ആശയം എടുത്തിട്ടു. സാധാരണ ഉപയോക്താക്കള്‍ക്ക് വാട്‌സാപ് ഫ്രീയായി തന്നെ ഉപയോഗിക്കാന്‍ അനുമതിയും നല്‍കി.
• മെറ്റാവേഴ്‌സിലേക്കുള്ള മാറ്റം
തങ്ങളുടെ ബിസിനസില്‍ വാട്‌സാപ്പിനെ കേന്ദ്ര സ്ഥാനത്തു നിർത്തിയുള്ള മാറ്റങ്ങളാണ് ഫെയ്‌സ്ബുക് നടത്താന്‍ പോകുന്നത് എന്ന സൂചനയാണ് 2021ല്‍ മേധാവി സക്കര്‍ബര്‍ഗ് നല്‍കിയത്. സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള സന്ദേശക്കൈമാറ്റ രീതിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ചും അദ്ദേഹം അന്ന് വാചാലനായിരുന്നു. എന്നാല്‍, കേവലം ഏഴു മാസത്തിനുള്ളില്‍ കമ്പനി പുതിയ പാതയിലേക്ക് ചാഞ്ഞു-മെറ്റാവേഴ്‌സ്. ഇന്റര്‍നെറ്റിന്റെ അടുത്ത അധ്യായമാണ് മെറ്റാവേഴ്‌സ് എന്ന് സക്കര്‍ബര്‍ഗ് കരുതുന്നു. അതിലുള്ള തന്റെ ശ്രദ്ധ തെറ്റാതിരിക്കാനായി താന്‍ സ്ഥാപിച്ച ഫെയ്‌സ്ബുക്ക് കമ്പനിയുടെ പേര് മെറ്റാ എന്നാക്കി മാറ്റുക പോലും ചെയ്തിരിക്കുകയാണ് സക്കര്‍ബര്‍ഗ്. കമ്പനിയുടെ പേരുമാറ്റത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തിനു ശേഷം വാട്‌സാപ്പിനെക്കുറിച്ച് സക്കര്‍ബര്‍ഗ് മാധ്യമങ്ങളോട് എടുത്തു പറയത്തക്ക ഒരു പരമര്‍ശമേ നടത്തിയിട്ടുളളു എന്നതും ശ്രദ്ധേയമാണ്.
• വാട്‌സാപ് എന്ന ബലിമൃഗം
പ്രധാനപ്പെട്ട സന്ദേശക്കൈമാറ്റ ആപ്പുകള്‍ കൈവശപ്പെടുത്തിവച്ചിരിക്കുന്നു എന്ന കാരണത്താല്‍ താന്‍ വിവിധ സർക്കാരുകളുടെ നോട്ടപ്പുള്ളിയാണെന്നും സക്കര്‍ബര്‍ഗിന് വ്യക്തമായി അറിയാം. എന്നാല്‍ പിന്നെ, ലാഭമുണ്ടാക്കാത്ത ബിസിനസായ വാട്‌സാപ്പിനെ ബലികൊടുത്ത് മുന്നോട്ടുപോയിക്കൂടെ എന്ന ചിന്ത സക്കര്‍ബര്‍ഗിനെ പിടികൂടിയിട്ടുണ്ടെന്ന് കരുതപ്പെടുന്നു. അമേരിക്കയില്‍ താമസിയാതെ തനിക്കെതിരെ വന്നേക്കാവുന്ന ആന്റിട്രസ്റ്റ് നീക്കത്തിന്റെ മുനയൊടക്കാനും ഇത്തരം ഒരു നീക്കത്തിനു സാധ്യമായേക്കുമെന്ന് അദ്ദേഹം കരുതുന്നുണ്ടാകാം. വാട്‌സാപ്പില്‍ നിന്ന് സക്കര്‍ബര്‍ഗ് ശ്രദ്ധ മാറ്റിയതിനു പിന്നിലെ പ്രധാന കാരണം അതു തന്നെയായിരിക്കാമെന്നും പറയപ്പെടുന്നു.
• സന്ദേശക്കൈമാറ്റ ആപ്പുകളില്‍ നിന്ന് വരുമാനം ലഭിക്കില്ലെ?
ചൈനയില്‍ ടെന്‍സന്റ് കമ്പനി നടത്തുന്ന വീചാറ്റ് ആപ്പില്‍ നിന്ന് 2022 ജൂണില്‍ മാത്രം 50 കോടി ഡോളറിലേറെ ലഭിച്ചുവെന്ന് മാര്‍ക്കറ്റ് വിശകലന കമ്പനിയായ സെന്‍സര്‍ ടവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പണമടയ്ക്കല്‍, പരസ്യം, ഗെയിം മേഖലയുമായി ബന്ധിപ്പിക്കാനുള്ള ഉപാധി തുടങ്ങിയ പാതകളിലൂടെ സഞ്ചരിച്ചാണ് വീചാറ്റ് പൈസ കൊയ്യുന്നത്. അപ്പോള്‍ അതല്ല കാരണം.
• സക്കര്‍ബര്‍ഗിന്റെ പ്രശ്‌നം വേറെ
സക്കര്‍ബര്‍ഗ് വാട്‌സാപ് വാങ്ങിയത് അത് പ്രവര്‍ത്തിപ്പിച്ച് ലാഭമുണ്ടാക്കിയേക്കാമെന്നു കരുതി ആയിരുന്നില്ല. വാട്‌സാപ് തന്റെ അരുമക്കുഞ്ഞായ ഫെയ്‌സ്ബുക്കിന് ഭീഷണിയായി തീരാമെന്നു കണ്ടതോടെയാണ് അതിങ്ങു വാങ്ങിച്ചേക്കാമെന്ന് സക്കര്‍ബര്‍ഗ് തീരുമാനിച്ചത്. ഫെയ്‌സ്ബുക്കിനോട് മത്സരിക്കുന്നത് ഒഴിവാക്കുക എന്ന പ്രാഥമിക ലക്ഷ്യമായിരുന്നു സക്കര്‍ബര്‍ഗിന്റെ മനസില്‍.
ഫെയ്‌സ്ബുക്കിനെതിരെ അമേരിക്കയിലെ ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ ഇപ്പോള്‍ നടത്തിവരുന്ന അന്വേഷണത്തില്‍ ഇതിനുള്ള തെളിവുകളും ശേഖരിച്ചു കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഭീഷണി ഒഴിവാക്കുക എന്ന ഒരു ലക്ഷ്യമൊഴികെ മറ്റൊന്നും ഇല്ലാതെ ഫെയ്‌സ്ബുക് വാങ്ങിച്ച ആപ്പാണ് വാട്‌സാപ്.
• വാട്‌സാപ്പും ഇന്‍സ്റ്റയും
വിറ്റൊഴിപ്പിക്കാന്‍ എഫ്ടിസി
സന്ദേശക്കൈമാറ്റ കുത്തക ആയിത്തീര്‍ന്നിരിക്കുന്ന മെറ്റാ കമ്പനിയില്‍ നിന്ന് വാട്‌സാപ് മാത്രമല്ല ഇന്‍സറ്റഗ്രാമും ബലമായി വില്‍പ്പിക്കാനുള്ള നീക്കങ്ങളാണ് എഫ്ടിസി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പുകള്‍ പരസ്പരം മത്സരിക്കുന്നതാണ് എല്ലാത്തരത്തിലും നല്ലത്. അല്ലാതെ അവയെല്ലാം ഒരാള്‍ കൈവശപ്പെടുത്തിവച്ചാല്‍ പുതിയ ഫീച്ചറുകളും ആശയങ്ങളും വരുന്നത് കുറയും. ഏറ്റെടുത്ത രണ്ടു കമ്പനികളും വില്‍ക്കുന്നതിനു പകരം ഒരെണ്ണം വിറ്റാല്‍ പ്രശ്‌നം പരിഹരിക്കാനാകുമോ എന്നാണ് ഇപ്പോള്‍ മെറ്റായുടെ അഭിഭാഷകര്‍ ആരായുന്നതെന്നും പറയപ്പെടുന്നു. അങ്ങനെ പറ്റുമെങ്കില്‍ ഏതു കമ്പനി ആയിരിക്കും വില്‍ക്കുക എന്ന് ഇനി പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.
• അംബാനി വാങ്ങുമോ?
കാര്യമായ വരുമാനമൊന്നു ഇല്ലാത്ത വാട്‌സാപ്പിന് ഓഹരികളിറക്കാനുള്ള സാധ്യതയും കുറവാണ്. അതേസമയം, ഒരു സ്വകാര്യ കണ്‍സോര്‍ഷ്യത്തിന് വാട്‌സാപ് വില്‍ക്കാനുള്ള സാധ്യതയായിരിക്കും മെറ്റാ പരിഗണിക്കുക. അല്ലെങ്കില്‍ മൈക്രോസോഫ്റ്റ് ഏറ്റെടുക്കാനുള്ള സാധ്യതയും ഉണ്ട്. തങ്ങള്‍ക്കും ഒരു മെസേജിങ് ആപ് വേണമെന്ന് മൈക്രോസോഫ്റ്റ് കുറച്ചുകാലമായി പറഞ്ഞു നടക്കുന്നതാണ്. ടിക്‌ടോക് ഏറ്റെടുക്കാനായി മൈക്രോസോഫ്റ്റ് കുറച്ചുകാലം ശ്രമിച്ചതുമാണ്. സോഫ്റ്റ്ബാങ്ക് വാട്‌സാപ് വാങ്ങാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. വാട്‌സാപ്പിനെ റിലയന്‍സിന്റെ ജിയോ മാര്‍ട്ടിന്റെ സൂപ്പര്‍ ആപ്പാക്കാന്‍ ഒരു ശ്രമം ഉണ്ടായിരുന്നു. ഫെയ്‌സ്ബുക് വാട്‌സാപ് വിറ്റാല്‍ അത് റിലയന്‍സ് ഉടമ മുകേഷ് അംബനിക്കും അതൊരു അടിയായിരിക്കും. അംബാനി വാട്‌സാപ് ഏറ്റെടുക്കാനുള്ള സാധ്യത ഉണ്ടോ എന്ന കാര്യവും ഇപ്പോള്‍ അപ്രവചനീയമാണ്.
• വരിസംഖ്യ ഏര്‍പ്പെടുത്തുമോ?
അതേസമയം, ഏതു കമ്പനി ഏറ്റെടുത്താലും വരിസംഖ്യ ഏര്‍പ്പെടുത്താനുള്ള സാധ്യത ഉണ്ട്. പ്രതിമാസം 50-100 രൂപ വരെ ഇട്ടേക്കാം. ഇങ്ങനെ വരിസംഖ്യ ഇട്ടാല്‍ എത്രപേര്‍ ഇന്ത്യയിലൊക്കെ തുടര്‍ന്ന് വാട്‌സാപ് ഉപയോഗിക്കുമെന്നുള്ള കാര്യം കണ്ടറിയണം. മറ്റൊരു പ്രധാന കാര്യം വാട്‌സാപ്പിന് ഉപയോക്താക്കള്‍ കൂടുതലുള്ള ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലാണ്. അമേരിക്കയില്‍ ആപ്പിളിന്റെ ഐമെസേജ് ആണ് ആധിപത്യം. ആപ്പിളിന്റെ കുത്തക തകര്‍ക്കാന്‍ ഫെയ്‌സ്ബുക്കിന് സാധിച്ചില്ല. വരിസംഖ്യ ഇടാനുള്ള സാധ്യത ഉണ്ടെങ്കിലും അത് വാട്‌സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം കുത്തനെ കുറയാന്‍ ഇടവരുത്തിയേക്കും. മറ്റൊരു സാധ്യത പരസ്യങ്ങള്‍ കാണിക്കുക എന്നതാണ്.
0 Comments