തൃശ്ശൂര്‍ : കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദനാണ് തൃശ്ശൂരില്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മികച്ച നോവലിനുള്ള പുരസ്‌കാരം ആര്‍. രാജശ്രീയും വിനോയ് തോമസും പങ്കിട്ടു. കവിതയ്ക്കുള്ള പുരസ്‌കാരം അന്‍വര്‍ അലിയും ചെറുകഥയ്ക്കുള്ള പുരസ്‌കാരം ദേവദാസ് വി.എമ്മും നേടി.
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ എന്ന നോവലാണ് ആര്‍. രാജശ്രീയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. പുറ്റ് എന്ന നോവലിനാണ് വിനോയ് തോമസിന് പുരസ്‌കാരം. മെഹബൂബ് എക്‌സ്പ്രസ് എന്ന കവിതയ്ക്ക് അന്‍വര്‍ അലിയും വഴി കണ്ടുപിടിക്കുന്നവര്‍ എന്ന ചെറുകഥയ്ക്ക് ദേവദാസ് വി.എമ്മും പുരസ്‌കാരത്തിന് അര്‍ഹരായി.
നാടകം-പ്രദീപ് മണ്ടൂര്‍ (നമുക്ക് ജീവിതം പറയാം), സാഹിത്യ വിമര്‍ശനം-എന്‍.അജയകുമാര്‍ (വാക്കിലെ നേരങ്ങള്‍), വൈജ്ഞാനിക സാഹിത്യം-ഡോ. ഗോപകുമാര്‍ ചോലയില്‍ (കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും), ജീവചരിത്രം/ആത്മകഥ-പ്രൊ. ടി.ജെ.ജോസഫ് (അറ്റുപോകാത്ത ഓര്‍മ്മകള്‍), എം.കുഞ്ഞാമന്‍ (എതിര്), യാത്രാവിവരണം-വേണു (നഗ്നരും നരഭോജികളും), ബാലസാഹിത്യം-രഘുനാഥ് പലേരി (അവര്‍ മൂവരും ഒരു മഴവില്ലും), വിവര്‍ത്തനം- അയ്മനം ജോണ്‍, ഹാസ സാഹിത്യം-ആന്‍ പാലി (അ ഫോര്‍ അന്നാമ്മ), സമഗ്ര സംഭാവനാ പുരസ്കാരം (ആറ് പേര്‍ക്ക്)-ഡോ: കെ.ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.എ.ജയശീലന്‍, 2018ലെ വിലാസിനി പുരസ്കാരം-ഇ.വി.രാമകൃഷ്ണന്‍ (മലയാള നോവലിന്റെ ദേശ കാലങ്ങള്‍) എന്നിങ്ങനെയാണ് മറ്റ് പുരസ്‌കാരങ്ങള്‍.
ഇരുപത്തയ്യായിരം രൂപയും ഫലകവും സാക്ഷ്യപത്രവും ഉള്‍കൊള്ളുന്നതാണ് പുരസ്‌കാരം. മുതിര്‍ന്ന എഴുത്തുകാരായ വൈശാഖന്‍, പ്രൊഫ. കെ.പി. ശങ്കരന്‍ എന്നിവര്‍ക്ക് അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. വിശിഷ്ടാംഗത്വത്തിന് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.
ഐ.സി. ചാക്കോ അവാര്‍ഡ്- വൈക്കം മധു, സി.ബി. കുമാര്‍ അവാര്‍ഡ്- അജയ് പി. മങ്ങാട്ട്, കെ.ആര്‍. നമ്പൂതിരി അവാര്‍ഡ്- പി.ആര്‍. ഹരികുമാര്‍, കനകശ്രീ അവാര്‍ഡ്- കിങ് ജോണ്‍സ്, ഗീതാ ഹിരണ്യന്‍ അവാര്‍ഡ്- വിവേക് ചന്ദ്രന്‍, ജി.എന്‍. പിള്ള അവാര്‍ഡ്- ഡോ. പി.കെ. രാജശേഖരന്‍, ഡോ. കവിത ബാലകൃഷ്ണന്‍, തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം- എന്‍.കെ. ഷീല എന്നിങ്ങനെയാണ് എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍.
0 Comments