banner

‘വന്ധ്യംകരിച്ച’ തെരുവുനായ പ്രസവിച്ചു, ആറു കുഞ്ഞുങ്ങൾ; വിവാദത്തിലായത് കൊല്ലം കോർപ്പറേഷൻ

അഞ്ചാലുംമൂട് : കൊല്ലം കോർപ്പറേഷൻ വന്ധ്യംകരിച്ച നായ വഴിയരികിൽ പ്രസവിച്ചു. അഞ്ചാലുംമൂട് മ്യഗാശുപത്രിയിലെത്തിച്ചാണ് അന്ന് ഈ നായയെ വന്ധ്യംകരിച്ചത്. ഇത്തരത്തിൽ വന്ധ്യംകരിച്ച നായകളെ തിരിച്ചറിയാനായി ഉപയോഗിക്കുന്ന ചെവിയ്ക്ക് പിറകിലെ അടയാളം വിവാദ നായയ്ക്കുമുണ്ട്.

കൊല്ലം കോർപ്പറേഷന്റെ പോളയത്തോട് വ്യാപാരസമുച്ചയത്തിനു സമീപമാണ് നായയും ആറ് കുഞ്ഞുങ്ങളും ഇപ്പോൾ കഴിയുന്നത്. 

വ്യാപാരസമുച്ചയത്തിനുസമീപം വർഷങ്ങളായി കഴിയുന്ന നായയ്ക്ക് പരിസരത്തെ വ്യാപാരികളും ഓട്ടോ ഡ്രൈവർമാരുമെല്ലാം ബിസ്കറ്റും മറ്റ് ഭക്ഷണപദാർഥങ്ങളും നൽകിയിരുന്നു. എല്ലാവരോടും നല്ല ഇണക്കത്തിലുമായിരുന്നു. മാർച്ചിലാണ് കൊല്ലം കോർപ്പറേഷൻ തെരുവുനായവന്ധ്യംകരണപദ്ധതി ഊർജിതമാക്കിയത്. ഡോഗ് ഹാൻഡ്ലർമാരെയും ഡോക്ടർമാരെയും ഇതിനായി നിയോഗിക്കുകയും ചെയ്തു.

അഞ്ചാലുംമൂട് മൃഗാശുപത്രിയിലാണ് വന്ധ്യംകരണം നടന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ച നായകളെ ഇവിടെവെച്ച് വന്ധ്യംകരിച്ചു. പോളയത്തോട്ടിൽനിന്നുള്ള നായയെയും കൂട്ടത്തിൽ കൊണ്ടുപോയിരുന്നു. ദിവസങ്ങൾക്കുശേഷം നായയെ തിരികെ കൊണ്ടുവിട്ടു. ശസ്ത്രക്രിയ നടത്തിയത് തിരിച്ചറിയാൻ ചെവിയിൽ അടയാളപ്പെടുത്തലും ഉണ്ടായിരുന്നു.

ഇടയ്ക്ക് വയറിലെ മുറിവുമൂലം അവശനിലയിൽ കഴിഞ്ഞ നായയ്ക്ക് നാട്ടുകാർ ചികിത്സ നൽകുകയും ചെയ്തിരുന്നു. സുഖംപ്രാപിച്ചശേഷം നായ പോളയത്തോട്ടിലും പരിസരത്തും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭക്ഷണം നൽകാനെത്തിയവരാണ് നായ പ്രസവിച്ചുകിടക്കുന്നതു കണ്ടത്. വന്ധ്യംകരിക്കാതെയാണ് നായയെ തിരികെക്കൊണ്ടുവിട്ടതെന്ന് നാട്ടുകാർ പറയുന്നു.

കോർപ്പറേഷൻ മാർച്ചിൽ ധൃതിപ്പെട്ടാണ് വന്ധ്യംകരണപദ്ധതി നടപ്പാക്കിയതെന്നും വന്ധ്യംകരണത്തിന് കൃത്യമായ മേൽനോട്ടമുണ്ടായില്ലെന്നും ആരോപണമുണ്ട്. സംഭവം സംബന്ധിച്ച് കോർപ്പറേഷൻ അധികൃതർ റിപ്പോർട്ട് തേടിയിട്ടുണ്ട്. വന്ധ്യംകരണപദ്ധതി നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു അറിയിച്ചു

Post a Comment

0 Comments