മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരിനാഥന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി നിരുപാധികം തള്ളി.
അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം. റിക്കവര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്നും ഉപാധിയില്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാളെ മുതല്‍ 3 ദിവസം അന്വേഷണ സംഘത്തിന്റെ മുന്‍പില്‍ ഹാജരാകണം. 50000 രൂപയുടെ ബോണ്ടും നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ കെ.എസ്.ശബരീനാഥനാണ് ‘മാസ്റ്റര്‍ ബ്രെയ്ന്‍’ എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കസ്റ്റഡിയില്‍ വേണമെന്ന് പൊലീസിന്റെ അപേക്ഷ. ശബരിനാഥിനെതിരെ ഗുരുതര ആരോപണങ്ങളുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു.
ഗൂഢാലോചനയില്‍ ശബരീനാഥനാണ് ‘മാസ്റ്റര്‍ ബ്രെയ്ന്‍’ എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. വാട്‌സാപ്പ് ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കാന്‍ കസ്റ്റഡി വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ ശബരീനാഥിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. ഒന്നാം പ്രതി ഫര്‍സീന്‍ മജീദിന് ശബരീനാഥ് നിര്‍ദേശം നല്‍കി. നിരവധി തവണ പ്രതികളെ ശബരിനാഥ് ഫോണില്‍ വിളിച്ചു. ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും ശബരീനാഥ് വിളിച്ചെന്നും അന്വേഷണസംഘം ഉന്നയിച്ചു. പ്രതികള്‍ നാലുപേരും ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ നാലാം പ്രതിയാണ് ശബരീനാഥന്‍.
0 تعليقات