banner

'നിയമ നടപടി സ്വീകരിക്കും'; ശ്രീലങ്കയിലെ പ്രതിഷേധക്കാർക്ക് പുതിയ പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പ്

ശ്രീലങ്ക : പ്രക്ഷോഭക‍ർക്ക് മുന്നറിയിപ്പുമായി ശ്രീലങ്കയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് റനിൽ വിക്രമസിംഗ രംഗത്ത്. പ്രക്ഷോഭം നടത്തുന്നവ‍ർ രാജ്യത്തിന്‍റെ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകൾ പൂർണമായി ഒഴിയണമെന്ന് വിക്രമസംഗ ആവശ്യപ്പെട്ടു. സർക്കാർ മന്ദിരങ്ങളിൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

റെനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയായിരിക്കെയാണ് ശ്രീലങ്കയിൽ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തിന്റെ അവസ്ഥയ്ക്ക് പ്രധാനമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ച് വിക്രമസിംഗെയുടെ രാജിയും ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാർക്കെതിരെ അധികാരത്തിലെത്തിയ വിക്രമസിംഗെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നാണ് നിരീക്ഷകർ നേരത്തെ വിലയിരുത്തിയിരുന്നു. രാജ്യത്ത് പ്രക്ഷോഭം ശക്തമായതിന്റെ പശ്ചാത്തലത്തിൽ ആക്ടിങ് പ്രസിഡന്റ് സ്ഥാനം ലഭിച്ചതിന് തൊട്ടുപിന്നാലെ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

225 അംഗ പാർലമെന്റിൽ 134 പേരുടെ പിന്തുണയോടെയാണ് വിക്രമസിംഗെ അധികാരത്തിലേക്ക് എത്തുന്നത്. മുൻ പ്രസിഡന്റ് ഗോതബായ രജപക്സെ നാടുവിട്ടത് മുതൽ ആക്ടിങ് പ്രസിഡന്റിന്റെ ചുമതലവഹിച്ചു വരികയായിരുന്നു അദ്ദേഹം. മുഖ്യ എതിരാളിയായ ദല്ലാസ് അലഹപെരുമയ്ക്ക് 82 വോട്ടുകൾ മാത്രമാണ് നേടാനായത്. ഇടതുപക്ഷ സ്ഥാനാർഥി അനുര ഡിസനായകെയ്ക്ക് മൂന്ന് വോട്ടുകൾ ലഭിച്ചു.

Post a Comment

0 Comments