അപകടകാരിയായ ജോക്കര്‍ മാല്‍വെയറിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് നാല് ജനപ്രിയ ആപ്പുകള്‍ കൂടി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി. ആന്‍ഡ്രോയ്ഡ് സിസ്റ്റം ഹാക്ക് ചെയ്യുന്നതിനായി 2017 മുതല്‍ സൈബര്‍കുറ്റവാളികള്‍ ഏറ്റവും കൂടുതലായി ഉപയോഗിച്ചുവന്നിരുന്ന മാല്‍വെയറാണ് ജോക്കര്‍. ഒരിടവേളയ്ക്ക് ശേഷമാണ് മാല്‍വെയര്‍ വീണ്ടും പ്ലേ സ്റ്റോറില്‍ തിരിച്ചെത്തുന്നത്.
സ്മാര്‍ട്ട് എസ്എംഎസ് മെസേജസ്, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, വോയ്‌സ് ലാഗ്വേജ് ട്രാന്‍സലേറ്റര്‍, ക്വിക്ക് ടെക്‌സറ്റ് എസ്എംഎസ് എന്നീ നാല് ആപ്പുകളാണ് പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്. ഈ ആപ്പുകള്‍ ഇന്‍സറ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ആപ്പ് ഡാറ്റ മുഴുവനായി നീക്കം ചെയ്ത ശേഷം ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ഗൂഗിള്‍ അറിയിച്ചു.
പരേഡോ ആണ് ആദ്യമായി ജോക്കര്‍ മാല്‍വെയര്‍ 2022ല്‍ വീണ്ടുമെത്തിയെന്ന് കണ്ടെത്തിയത്. ഇത് പിന്നീട് ഗൂഗിള്‍ സ്ഥിരീകരിച്ചു. പാസ്വേര്‍ഡുകളും ഒടിപികളുമുള്‍പ്പെടെ ശേഖരിക്കാന്‍ കെല്‍പ്പുള്ള മാല്‍വെയറുകളാണ് ഈ നാല് ആപ്പുകളിലുമുള്ളത്. വ്യക്തിഗത വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളെടുത്ത് സൂക്ഷിക്കാനും നോട്ടിഫിക്കേഷനുകള്‍ വായിക്കാനും ഈ മാല്‍വെയറിന് സാധിക്കും. പയ്യെ ഇവ ഫോണിന്റെ പൂര്‍ണനിയന്ത്രണവും ഏറ്റെടുക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
0 Comments