banner

ശ്രീലങ്കയില്‍ സേനാ നിയന്ത്രണം മറികടന്ന് പ്രതിഷേധക്കാര്‍

കൊളംബോ : പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ പ്രതിഷേധം ഭയന്ന് പ്രസിഡന്റും സ്ഥലംവിട്ടു. നാൾക്കുനാൾ രൂക്ഷമാകുന്ന സാമ്പത്തിക പ്രതിസന്ധിയും ഒരു ഗതിയില്ലാതെ തെരുവിലിറങ്ങിയ ജനത്തിനും മുന്നിൽ പ്രസിഡന്റ് ഗോതബായ രാജപക്സെക്കും രക്ഷയില്ല.

കർഫ്യൂ പിൻവലിച്ചതിന് പിന്നാലെ ഇരമ്പിയെത്തിയ പ്രതിഷേധത്തെ തടഞ്ഞുനിർത്താൻ ഒരു ബാരിക്കേഡിനോ പട്ടാളത്തിനോ കഴിഞ്ഞില്ല. ബാരിക്കേഡുകൾ മറികടന്ന് കുതിച്ച പ്രതിഷേധക്കാർ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി. നേരിടാൻ ശ്രമിച്ച ഒട്ടേറെ സൈനികർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർക്കൊപ്പം ചേരാനെത്തിയ മുൻമന്ത്രിയെ ജനക്കൂട്ടം ഇതിനിടെ 'കൈകാര്യം' ചെയ്തു.

പ്രതിരോധത്തിന് മാർഗമില്ലാതെ അംഗരക്ഷകർ പിൻവലിഞ്ഞു. പ്രതിഷേധക്കാർ ഔദ്യോഗിക വസതിയിൽ കയറി മേഞ്ഞു. ചിലർ പൂളിൽ കുളിച്ച് ഉല്ലസിച്ചു. ചിലർ വസതിയുടെ മുക്കിലും മൂലയിലും കയറി നടന്നു. കലാപകലുഷിതമായ ശ്രീലങ്കയുടെ നേർചിത്രമായിരുന്നു. ഇന്ന് കണ്ട്. ആഭ്യന്തര കലാപം ശ്രീലങ്കയെ എവിടെയെത്തിക്കുമെന്ന് കണ്ടുതന്നെ അറിയണം

ആയിരങ്ങളാണ് ശനിയാഴ്ച ശ്രീലങ്കൻ പ്രസിഡന്റ് ഗോതബാത രാജപക്സെയുടെ ഔദ്യോഗികവസതിയിയിലേക്ക് ഇരച്ചുകയറിയത്. പ്രസിഡന്റിന്റെ രാജിയായിരുന്നു അവരുടെ ആവശ്യം.

മാസങ്ങളായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ബുദ്ധിമുട്ടുകളുമാണ് ലങ്കൻജനതയെ ഇത്ര കടുത്തൊരു പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രതിഷേധക്കാർ ഔദ്യോഗിക വസതിയിലേക്ക് കടക്കുന്നതിന്റെയും ഉള്ളിൽ കടന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും ഇതിനകം തന്നെ പുറത്തെത്തിയിട്ടുണ്ട്.

അതേസമയം, പ്രസിഡന്റ് ഗോതബായ രാജപക്സെയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്നാണ് ഉന്നത സൈനികവൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ അദ്ദേഹം രാജ്യംവിട്ടെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. തെരുവിലെ പ്രക്ഷോഭം കനത്ത പശ്ചാത്തലത്തിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗേ പാർട്ടി നേതാക്കന്മാരുടെ അടിയന്തര യോഗം വിളിച്ചിട്ടുമുണ്ട്.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. അതേസമയം, പ്രസിഡന്റിന്റെ വസതിക്കുള്ളിൽ കടന്ന പ്രതിഷേധക്കാർ നീന്തൽക്കുളത്തിൽ ഉല്ലസിക്കുന്നതിന്റെ വീഡിയോയും പുറത്തെത്തി.

Post a Comment

0 Comments