banner

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തൽ; കൂടുതൽ വിവാദങ്ങളിലേക്ക് വഴിതെളിക്കുന്നു

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിൽ ജനിക്കുന്നത് പുതിയ വിവാദങ്ങൾ. പരാമർശങ്ങളിലെല്ലാം ശ്രീലേഖ സംശയത്തിന്റെ നിഴലിലാക്കുന്നത് പോലീസിനെ തന്നെ. ദിലീപിനെതിരെ തെളിവുകള്‍ പോലീസ് തന്നെയാണ് സൃഷ്ടിച്ചതെന്ന് മുന്‍ ഡിജിപി തന്നെ പറയുന്നത് കേസിന്റെ ഗതിയെ തന്നെ ബാധിച്ചേക്കുമെന്നും സൂചനയുണ്ട്. ദിലീപിന് ഏറെ അനുകൂലമാകുന്ന ഒന്നാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ തെളിവില്ലെന്നായിരുന്നു മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. പോലീസ് കണ്ടെത്തലുകളെ തള്ളിയാണ് തന്റെ യൂ ട്യൂബ് ചാനലിലൂടെ വ്യക്തിപരമായ അഭിപ്രായമെന്ന രീതിയില്‍ ശ്രീലേഖ പ്രതികരണം നടത്തിയത്.

നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ കുറ്റപത്രത്തെ തന്നെയാണ് ശ്രീലേഖ ചോദ്യം ചെയ്യുന്നത്. ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ഫോട്ടോ ഫോട്ടോഷോപ്പില്‍ ചെയ്‌തെടുത്തതാണെന്ന വെളിപ്പെടുത്തല്‍ അതീവ ഗൗരവതരമാണ്. അത് തന്നോട് സമ്മതിച്ചത് ഒരു അന്വേഷണ ഉദ്യോഗസ്ഥനാണെന്നും അവര്‍ പറയുന്നു.

ആ ഉദ്യോഗസ്ഥന്‍ അവരെ ശ്രീലേഖ എന്നു വിളിച്ചാണ് സംബോധന ചെയ്തത് എന്നാണ് അവര്‍ പറയുന്നത്. അന്ന് ഡിജിപിയായിരുന്ന ശ്രീലേഖയെ പേരെടുത്ത് വിളിക്കണെമെങ്കില്‍ അത് അവരെക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള ആളെന്ന് വ്യക്തം. ഇതേ കേട്ടു കേള്‍വിയുടെ പശ്ചാത്തലത്തിലല്ല അവര്‍ പറഞ്ഞതെന്നും ഇതില്‍ നിന്നും വ്യക്തമാണ്.

പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത വേളയില്‍ രണ്ടാഴ്ചയോളം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നിട്ടും പള്‍സര്‍ സുനി ക്വട്ടേഷനായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നില്ല. സാധാരണഗതിയില്‍ ഇത്രയുംനീണ്ട അന്വേഷണഘട്ടത്തില്‍ പ്രതികള്‍ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതാണ്. പള്‍സര്‍ സുനിക്കെതിരേ സിനിമാമേഖലയില്‍ നിന്ന് പലര്‍ക്കും സമാനരീതിയിലുള്ള മോശം അനുഭവമുണ്ടായിട്ടുള്ളതായി തനിക്ക് അറിയാമെന്നും ശ്രീലേഖ പറയുന്നുണ്ട്.

ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ പോലീസാണ് വീണ്ടും പ്രതിക്കൂട്ടിലാകുന്നത്. പോലീസിന്റെ സംവീധാനം ഉപയോഗിച്ച് ദിലീപിനെ മാധ്യമ താല്‍പ്പര്യ പ്രകാരം പ്രതിയാക്കിയെന്ന ഡിജിപി റാങ്കിലിരുന്ന ഉദ്യോഗസ്ഥയുടെ വാദം ദിലീപും കോടതിയില്‍ ആയുധമാക്കും.

ഒടുവിൽ, ശ്രീലേഖയും നടന്‍ ദിലീപും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്ത് വന്നു. ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം വെളിപ്പെടുത്തുന്ന ചാറ്റ് റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്തുവിട്ടത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയല്ലെന്ന ശ്രീലേഖയുടെ പ്രസ്താവന ചര്‍ച്ചയായ സാഹചര്യത്തിലാണ് ഇവര്‍ തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നിരിക്കുന്നത്.

കേസിന്റെ വിചാരണയുടെ അന്തിമഘട്ടത്തില്‍ രാമന്‍പിള്ളയെപ്പോലൊരു വക്കീലിന് വീണുകിട്ടിയ ആയുധം കൂടിയാണ് ശ്രീലേഖയുടെ ഈ തുറന്നുപറച്ചില്‍. അത് എങ്ങനെ കേസിനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം.


നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments