banner

ചിന്തൻശിബിരത്തിൽ പങ്കെടുക്കാനാവാത്തതിൽ ദുഃഖമുണ്ട്; എല്ലാം സോണിയാഗാന്ധിയെ അറിയിക്കുമെന്ന് മുല്ലപ്പള്ളി

കോഴിക്കോട് : താൻ കളിച്ചുനടന്ന, തന്റെ വീടുപോലുള്ള കോഴിക്കോട് നടന്ന കോൺഗ്രസിന്റെ ചിന്തൻശിബിരത്തിൽ പങ്കെടുക്കാനാവാത്തതിൽ അതീവ ദുഖമുണ്ടെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പങ്കെടുക്കാത്തതിന്റെ കാരണം സോണിയാഗാന്ധിയെ അറിയിക്കും. അച്ചടക്കമുള്ള പാർട്ടിപ്രവർത്തകനാണ് താൻ, മാധ്യമങ്ങളോടല്ല പാർട്ടി അധ്യക്ഷയോടാണ് കാര്യങ്ങൾ വ്യക്തമാക്കുകയെന്നും മുല്ലപ്പള്ളി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

നിരവധി ഗൗരവമേറിയ വിഷയമാണ് കോഴിക്കോട്ടെ ചിന്തൻശിബരത്തിൽ ചർച്ച ചെയ്തത്. 2024-ലേക്കുള്ള കോൺഗ്രസിന്റെ റോഡ് മാപ്പ തയ്യാറാക്കുന്ന പരിപാടിയായിരുന്നു അത്. അതിലാണ് തനിക്ക് പങ്കെടുക്കാനാവാതിരുന്നത്. ഇത് സംബന്ധിച്ച് ചില കേന്ദ്രങ്ങളിൽ നിന്ന് പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. യഥാർഥ വസ്തുതകൾ സോണിയാഗാന്ധിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ കോഴിക്കോട് ഡിസിസി അധ്യക്ഷൻ പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഒരു നേതാക്കളോടും പ്രവർത്തകരോടും വ്യക്തിവൈരാഗ്യമില്ല. ബാക്കി കാര്യങ്ങളൊന്നും ഇപ്പോൾ പറയുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Post a Comment

0 Comments