തൃശൂർ : സ്വകാര്യ ബസിൽ സ്‌കൂൾ വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കുരിയച്ചിറ സ്വദേശി സുധീർ ഇസ്ലാഹിയെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 18നാണ് കേസിനാസ്പദമായ സംഭവം.
കുട്ടി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി തൃശ്ശൂർ വടക്കേ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന പ്രൈവറ്റ് ബസിൽ കയറി സീറ്റിലിരിക്കുമ്പോഴായിരുന്നു പ്രതിയുടെ അതിക്രമം.
കുട്ടിയുടെ ദേഹത്ത് പ്രതി ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പർശിക്കുകയും, പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇയാൾ ഇതിനുമുമ്പും ഇതേ വിദ്യാർത്ഥിയെ പിന്തുടർന്ന്, സമാനമായ രീതിയിൽ കുറ്റകൃത്യത്തിന് ശ്രമിച്ചിരുന്നതായും പരാതിയിൽ പറയുന്നു.
തൃശൂർ നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ സമാനമായ കുറ്റകൃത്യത്തിന് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്.
ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം ഗീതുമോളുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ദുർഗാലക്ഷ്മി, സിവിൽ പൊലീസ് ഓഫീസർ എം ഹരീഷ് എന്നിവരും ഉണ്ടായിരുന്നു.
0 Comments