banner

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ. പരമേശ്വരൻപോറ്റി അന്തരിച്ചു

കൊല്ലം : മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും എം സിപിഐ ( യു ) സ്ഥാപകനേതാക്കളിൽ പ്രമുഖനുമായിരുന്ന എൻ. പരമേശ്വരൻപോറ്റി അന്തരിച്ചു. കൊല്ലം എൻ എസ് സ്മാരക ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ജൂലൈ 3 ന് ഓച്ചിറ ചങ്ങൻ കുളങ്ങരയിലുള്ള വസതിയിലാണ് സംസ്‌കാരം.
എം സിപിഐ ( യു ) പോളിറ്റ്ബ്യൂറോഅംഗം, നവപഥംമാസികയുടെ പത്രാധിപർ, എ ഐ കെ എഫ് സംസ്ഥാനസെക്രട്ടറി എന്നിനിലകളിൽ പ്രവർത്തിച്ചിരുന്നു. 

യുവാവായിരിക്കുമ്പോൾ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചുതുടങ്ങിയ അദ്ദേഹം സി പി എം ഓച്ചിറലോക്കൽകമ്മിറ്റിസെക്രട്ടറി, കരുനാഗപ്പള്ളിഏരിയാകമ്മിറ്റി സെക്രട്ടറി, കൊല്ലം ജില്ലാകമ്മിറ്റിയംഗം, എ ഐ കെ എസ് നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഓച്ചിറ സഹകരണസംഘം, കെൽട്രോൺ സഹകരണസംഘം എന്നിവയുടെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. 

അടിയന്തിരാവസ്ഥയുടെ കറുത്തനാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന്റെ പേരിൽ പരമേശ്വരൻ പോറ്റിയെ അറസ്റ്റ്‌ചെയ്തിരുന്നു. പോറ്റിയുടെ പാർട്ടിപ്രവർത്തനത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ അച്ഛനേയും പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയുണ്ടായി
സി പി എമ്മിൽ പ്രവർത്തിക്കുമ്പോൾ അതിന്റെ നയപരവും സംഘടനാപരവുമായ വ്യതിയാനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ഉൾപാർട്ടിസമരം നടത്തുന്നതിന് ജില്ലയിലാകെ എം.രാജനോടൊപ്പം നേതൃത്വം കൊടുത്തിരുന്നു. 

സി പി എം അതിന്റെ പാർട്ടിപരിപാടിതന്നെ 2000 മാണ്ടിൽ തിരുത്തിക്കൊണ്ട് പൂർണമായി റിവിഷനിസത്തിലേക്ക് കൂപ്പ് കുത്തിയപ്പോൾ ഏരിയാസെക്രട്ടറി സ്ഥാനത്ത് നിന്നും പ്രാഥമീക അംഗത്വത്തിൽ നിന്നുംരാജിവെച്ചുകൊണ്ട് വി.ബി ചെറിയാൻ, എം.രാജൻ, കെ.പി. വിശ്വവത്സലൻ തുടങ്ങിയവരോടൊപ്പം ചേർന്ന് ബിടിആർ - ഇ.എം.എസ് - എ.കെ.ജി -ജനകീയവേദിക്ക് രൂപംകൊടുത്തു. തുടർന്നു ദേശീയതലത്തിൽതന്നെ ഒരു ശരിയായ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകാനുള്ള ശ്രമമാരംഭിക്കുകയും 2006 ൽ മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ആഫ് ഇന്ത്യ( യുണൈറ്റഡ്) രൂപം കൊടുക്കുന്നതിലും പോറ്റി നേതൃത്വപരമായ പങ്ക് വഹിച്ചു.

പൊതുപ്രവർത്തനരംഗത്ത് കക്ഷി രാഷ്ട്രിയത്തിനതീതമായി വ്യക്തി ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും ജനങ്ങളുടെയാകെ വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങളിൽ ഇടപെട്ടുകൊണ്ട് ജനങ്ങളുടെയാകെ സഖാവായി മാറുന്നതിലും മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

Post a Comment

0 Comments