banner

'ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും'; ബഫര്‍സോണ്‍ ഉത്തരവില്‍ തിരുത്ത് വരുത്താൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം : 2019 ലെ ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താന്‍ കേരളാ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഒരു കിലോ മീറ്റര്‍ വരെ ബഫര്‍ സോണ്‍ എന്ന 2019 ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ബഫര്‍സോണില്‍ സുപ്രീംകോടതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ വനം വകുപ്പിനെ ചുമതലപ്പെടുത്തി.

വനങ്ങളോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവ് പ്രത്യേക സംരക്ഷിത മേഖലയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് 2019ലാണ് ഇറക്കിയത്. ഈ ഉത്തരവ് തിരുത്താനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായത്.

ബഫര്‍ സോണില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുമെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചെന്നും, പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

സംസ്ഥാനത്തിന്‍റെ ഉത്തരവ് തിരുത്താതെ ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. 

ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫര്‍ സോണ്‍ നടപ്പാക്കുക എന്നതായിരുന്നു കേരളത്തിന്റെ നിലപാട്. വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പരിമിതികളും ആശങ്കകളും സംസ്ഥാനം സുപ്രീംകോടതിയെ അറിയിക്കും.

Post a Comment

0 Comments