banner

അപരിചിതനായ സുഹൃത്തിനൊപ്പം, വിഹായസിൻ്റെ ഇരുപതാം പിറന്നാൾ ആഘോഷം: വീഡിയോ കാണാം

ജന്മദിനം ആഘോഷിക്കുന്നത് എല്ലാവർക്കും തലപര്യമുള്ള കാര്യമാണ്. മിക്കവരും കേക്ക് മുറിച്ച് ആഘോഷിക്കുന്നത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെയാണ്. എന്നാൽ മറ്റു ചിലർ തങ്ങളുടെ പിറന്നാൾ മറ്റുള്ളവർക്ക് സന്തോഷകരമായ ദിനമാക്കാൻ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിഹായസ് എന്ന വിദ്യാര്‍ഥിയുടെ പിറന്നാളാഘോഷമാണ് ഈ വീഡിയോയിലുള്ളത്. താന്‍ എന്നും കോളേജില്‍ പോകുന്ന വഴി കാണാറുള്ള ഭിന്നശേഷിക്കാരനായ ചിണ്ടു എന്നു വിളിക്കുന്ന പവനൊപ്പമായിരുന്നു വിഹായസിന്റെ പിറന്നാളാഘോഷം.

വിഹായസും സുഹൃത്ത് മൃദുലയും കോളേജില്‍ പോകുന്ന വഴി വീടിന്റെ ബാല്‍ക്കണിയില്‍ ഇരുന്ന് ചിണ്ടു എന്നും അവരെ നോക്കി ചിരിക്കുകയും കൈ വീശികാണിക്കുകയും ചെയ്യും. അങ്ങനെയാണ് തന്റെ 20-ാം പിറന്നാള്‍ ചിണ്ടുവിനൊപ്പം ആഘോഷിക്കാന്‍ വിഹായസ് തീരുമാനിക്കുന്നത്. മൃദുലയും ഒപ്പം കൂടി.

പിറന്നാള്‍ ദിവസം ഇരുവരും കേക്ക് വാങ്ങി ചിണ്ടുവിന്റെ വീട് ലക്ഷ്യമാക്കി യാത്ര തുടങ്ങി. പക്ഷേ വീട് കണ്ടുപിടിക്കുക ആയിരുന്നു പ്രയാസം. ഒരുമിച്ചുള്ള ഒരുപാട് ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്ളതിനാല്‍ ഏതു വീടാണ് ചിണ്ടുവിന്റേതെന്ന് അറിയില്ലായിരുന്നു. വീട് കണ്ടെത്താന്‍ ഒന്നിലധികം വാതിലുകള്‍ ഇരുവര്‍ക്കും മുട്ടേണ്ടിവന്നു. ഒടുവില്‍ വാതില്‍ തുറന്ന ചിണ്ടു ഇരുവരേയും കണ്ടതോടെ ആഹ്‌ളാദത്താല്‍ തുള്ളിച്ചാടി.

ഇതിന്റെ വീഡിയോ വിഹായസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഞങ്ങളെ കണ്ടത് അവന് ഒരുപാട് സന്തോഷമായി. അവന് സംസാരിക്കാന്‍ കഴിയില്ലെങ്കിലും ഞങ്ങളോട് കൂട്ടുകൂടുന്നതിന് അതൊരു തടസമായിരുന്നില്ല. ഞങ്ങളെ കാണുമ്പോള്‍ അണ്ണനും അക്കയുമാണെന്നാണ് അവന്‍ പറയുന്നതെന്ന് അവന്റെ അമ്മ പറഞ്ഞപ്പോള്‍ മനസ് നിറഞ്ഞു.’-വിഹായസ് വീഡിയോയില്‍ പറയുന്നു. ചിണ്ടു തന്റേതായ രീതിയില്‍ വിഹായസിന് ജന്മദിനാശംസകള്‍ നേരുന്നതും അമ്മയുടെ സഹായത്തോടെ കേക്ക് നല്‍കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

41 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. നാല് ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു. ഹൃദയം നിറയ്ക്കുന്ന നിരവധി കമന്റുകളും ആളുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്രയും മനോഹരമായ ജന്മദിനാഘോഷം വേറെയുണ്ടാകില്ലെന്നും ഇതാണ് യഥാര്‍ഥ സൗഹൃദമെന്നും ആളുകള്‍ പ്രതികരിച്ചു.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments