banner

‘സുശാന്തിന്റെ ചിത്രത്തിനൊപ്പം വിഷാദകുറിപ്പും’; ടീഷര്‍ട്ട് വിറ്റ ആമസോണിനും ഫ്ലിപ്പ്കാര്‍ട്ടിനുമെതിരെ ആരാധകർ

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ ചിത്രമുള്ള ടീ ഷർട്ട് വിൽപ്പനയ്ക്ക് വച്ചതിൽ ഇ–കൊമേഴ്സ് വെബ്‌സൈറ്റുകളായ ഫ്ലിപ്കാർട്ട്, ആമസോണ്‍ എന്നിവയ്ക്കെതിരെ പ്രതിഷേധവുമായി ആരാധകർ.

ഫ്ലിപ്പ്കാര്‍ട്ട് ആമസോണ്‍ തുടങ്ങിയ ഇ-കോമേഴ്സ് സൈറ്റുകളിൽ വിൽപ്പനയ്‌ക്ക് വച്ച ടി-ഷർട്ടുകളിൽ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മുഖത്തിനൊപ്പം, “വിഷാദം മുങ്ങിമരിക്കുന്നത് പോലെയാണ്” (“Depression is like drowning”) എന്ന് എഴുതിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

സുശാന്ത് ആത്മഹത്യ ചെയ്തതാണെന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്യുന്നതെന്ന് ഇവർ പറയുന്നു. വിൽപ്പനയ്ക്കുവച്ച ടീ ഷർട്ടിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് ട്വിറ്ററിലൂടെയുള്ള ഇവരുടെ വിമർശനം. സൈറ്റിൽനിന്നും ടീ ഷർട്ട് പിൻവലിച്ചു മാപ്പ് പറയണമെന്നും ആരാധകർ ആവശ്യപ്പെട്ടു.

“ഫ്ലിപ്പ്കാർട്ട്, മരിച്ച ഒരാളെ വീണ്ടും നിങ്ങളുടെ ഉൽപ്പന്നത്തിന്‍റെ മാർക്കറ്റിംഗിനായി വലിച്ചിഴയ്ക്കുന്നത് തീര്‍ത്തും മോശമാണ്. അവരുടെ കുടുംബാംഗങ്ങളെക്കുറിച്ച് ചിന്തിക്കുക.. ഒരിക്കല്‍ നിങ്ങള്‍ക്കും ഈ ഗതിവരും” – ഒരു ട്വിറ്റര്‍ ഉപയോക്താവ് രൂക്ഷമായി പ്രതികരിച്ചു. “സുശാന്തിന്റെ ദാരുണമായ മരണത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇതുവരെ കരകയറിയിട്ടില്ല. 

നീതിക്ക് വേണ്ടി ഞങ്ങൾ ശബ്ദമുയർത്തുന്നത് തുടരും…” “ഫ്ലിപ്പ്കാർട്ട് മാപ്പ് പറയണം” എന്ന് ആവശ്യപ്പെട്ടായിരുന്നു മറ്റൊരു ട്വീറ്റ്.

“സുശാന്തിന്‍റെ മുഖമുള്ള ഒരു ടീ ഷർട്ട് കണ്ടപ്പോൾ എനിക്ക് സന്തോഷമായി. എന്നാൽ പിന്നീടാണ് അതിലെ വരികള്‍ കണ്ടത്. സുശാന്ത് ശരിക്കും വിഷാദത്തിലാണോ ഇല്ലയോ എന്ന് തീരുമാനിക്കാൻ നിങ്ങൾ ആരാണ്? കേസ് ഇപ്പോഴും തീർന്നിട്ടില്ല, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ അന്വേഷണം പരാമർശിച്ച് ഒരു ട്വിറ്റര്‍ ഉപയോക്താവ് ഇ-കോമേഴ്സ് സൈറ്റുകളോട് പറയുന്നു.

ഇതേ ടി-ഷർട്ട് ആമസോൺ വെബ്‌സൈറ്റിലും വിൽപ്പനയ്‌ക്ക് ലഭ്യമാണ് എന്നറിഞ്ഞതോടെ, “ആമസോൺ ബഹിഷ്‌കരിക്കുക” എന്ന ട്വീറ്റുകളും ട്വിറ്ററിലും മറ്റും പ്രത്യക്ഷപ്പെട്ടു തുടങ്ങി. “സുഹൃത്തുക്കളേ, ആമസോൺ ബഹിഷ്‌കരിക്കാനുള്ള സമയമാണിത്.

ഇത് സുശാന്തിനെതിരെ അയാളുടെ മരണത്തിനെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ്” – ഒരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു.

Post a Comment

0 Comments