Latest Posts

വാർത്ത സംഘത്തിന് നേരെ തോക്കു ചൂണ്ടി ഭീഷണി; കൊല്ലം സ്വദേശിയുൾപ്പെടെ രണ്ട് പേർ പിടിയിൽ

കോട്ടയം : എം സി റോഡിൽ കോട്ടയം നാട്ടകം സിമന്റ് കവലയിൽ ചാനൽ വാർത്ത സംഘത്തിന് നേരെ ഭീഷണിമുഴക്കിയ പ്രതികളെ തോക്കു സഹിതം കസ്റ്റഡിയിലെടുത്തു. 'പിസ്റ്റൾ ലൈറ്ററാണ്' അക്രമികൾ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചതെന്ന് ചിങ്ങവനം എസ്എച്ച്ഒ ടി.ആർ ജിജു പറഞ്ഞു. ഓൺലൈൻ വിപണിയിൽ 250 രൂപ മുതൽ 1500 രൂപ വരെയുള്ള റേഞ്ചിൽ വാങ്ങാൻ കിട്ടുന്ന ഐറ്റം വച്ചായിരുന്നു മദ്യലഹരിയിലുള്ള യുവാക്കളുടെ തോക്കുചൂണ്ടൽ ഭീഷണി.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ നാട്ടകം സിമന്റ് കവലയിലുള്ള ഐശ്വര്യ ഹോട്ടലിന് മുൻവശത്തായിരുന്നു സംഭവം. ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ന്യൂസ് ചാനൽ സംഘത്തിന്‍റെ കാറിന് നേരെ ഇടറോഡിൽ നിന്ന് എം.സി റോഡിലേക്ക് പിന്നോട്ട് എടുത്ത അക്രമി സംഘത്തിന്റെ കാർ എത്തുകയായിരുന്നു. ഈ സമയം ചാനൽ സംഘം തങ്ങളുടെ കാർ മുന്നിലേക്ക് എടുക്കുകയും അക്രമി സംഘത്തോട് വാഹനം ശ്രദ്ധിച്ച് ഓടിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ കാറിനുള്ളിൽ ഉണ്ടായിരുന്ന ഒരാൾ തോക്കുമായി ചാടിയിറങ്ങുകയും കാറിന് നേരെ എത്തി തോക്കു ചൂണ്ടി ഭീഷണി മുഴക്കുകയുമായിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ ഭയന്ന ചാനൽ സംഘംപെട്ടെന്ന് തന്നെ വാഹനമെടുത്ത് സംഭവ സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.

തുടർന്ന് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്റ്റർ ടി.ആർ ജിജുവിനെ ചാനൽ സംഘം വിവരമറിയിച്ചു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ മറിയപ്പള്ളി ക്ഷേത്രം ഭാഗത്ത് വച്ച് തങ്ങൾക്ക് നേരെ തോക്ക് ചൂണ്ടിയവരുടെ കാർ ചാനൽ ജീവനക്കാർ കണ്ടെത്തി. തുടർന്ന് സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസ് വീട്ടിനുള്ളിൽ കയറി അക്രമി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോൾ ഇവരുടെ തലയിണക്കടിയിൽ നിന്നും തോക്കും പൊലീസ് സംഘം കണ്ടെത്തി. സിഗരറ്റിനും ഗ്യാസടുപ്പിലുമൊക്കെ തീ പകരാൻ ഉപയോഗിക്കുന്ന പിസ്റ്റല്‍ മാതൃകയിലുളള ലൈറ്റർ ഉപയോഗിച്ചായിരുന്നു ഇവരുടെ അക്രമം.

ഭീഷണിപ്പെടുത്തൽ, പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കൽ തുടങ്ങിയ കുറ്റത്തിന് ഇവരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ചെട്ടിക്കുന്ന് സ്വദേശി ജിതിന്‍ സുരേഷ് (31), കൊല്ലം സ്വദേശി അജേഷ് എസ്( 37) എന്നിവരെയാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്. പ്രതി ജിതിന്‍ സ്വന്തം വീട് അടിച്ചു തകർത്ത കേസിലെ പ്രതിയാണ്. കൊല്ലം സ്വദേശിയായ അജേഷിനെതിരെ കേസുകൾ ഉണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്.

0 Comments

Headline