banner

മങ്കിപോക്‌സിന്റെ പേര് മാറ്റണമെന്ന് ലോകാരോഗ്യ സംഘടനയോട് അഭ്യര്‍ത്ഥിച്ചു

ന്യൂയോര്‍ക്ക് : മങ്കിപോക്‌സിന്റെ പേര് മാറ്റണമെന്ന് ന്യൂയോര്‍ക്ക് നഗര ഭരണകൂടം ലോകാരോഗ്യ സംഘടനയോട് അഭ്യര്‍ത്ഥിച്ചു. രോഗത്തിന്റെ പേര് വംശീയമായ മുന്‍ധാരണ പരത്താന്‍ കാരണമാകുന്നെന്നും വേര്‍തിരിവ് ഭയന്ന് ചികിത്സ തേടുന്നതില്‍ വിമഖത കാട്ടുന്നുവെന്നും ന്യൂയോര്‍ക്ക് ഭരണകൂടം പറഞ്ഞു. രോഗത്തിന്റെ പേര് ചൂണ്ടിക്കാട്ടി വംശീയവാദികള്‍ കറുത്ത വര്‍ഗക്കാരെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും ദ്രോഹിക്കുന്ന സംഭവങ്ങള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം ബാധിച്ച 1092 പേരെ നഗരങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയ്ക്ക് മുന്നില്‍ ഭരണകൂടം അവതരിപ്പിച്ചത്.

• എന്താണ് മങ്കി പോക്സ്.... 

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കി പോക്സ്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്സിന്റെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. 

പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ മങ്കി പോക്സ് ആദ്യമായി കണ്ടെത്തിയത്.
ലക്ഷണങ്ങള്‍ സാധാരണഗതിയില്‍ മങ്കി പോക്സിന്റെ ഇന്‍കുബേഷന്‍ കാലയളവ് ആറ് മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് അഞ്ച് മുതല്‍ 21 ദിവസം വരെയാകാം. രണ്ട് മുതല്‍ നാല് ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. 

മരണ നിരക്ക് പൊതുവെ കുറവാണ്.പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. 

ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. 

അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

Post a Comment

0 Comments