banner

‘വീണയുടെ എക്സാലോജിക് തിരിമറികളുടെയും നിഗൂഢതകളുടെയും കൂടാരം’; ഇ പി ജയരാജനെതിരെ പോലീസിൽ പരാതി; പി സി ജോർജിന്റെ പുതിയ വെളിപ്പെടുത്തലുകൾ

കോട്ടയം : കൂടുതൽ ആരോപണങ്ങളുമായി മുൻ എംഎൽഎ പി സി ജോർജ് രംഗത്ത്. തിരിമറികളുടെയും നിഗൂഢതകളുടെയും കൂടാരമാണ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് എന്ന സ്ഥാപനമെന്ന് പി സി ജോർജ് ആരോപിച്ചു. വീണ മുമ്പ് ജോലി ചെയ്തിരുന്ന ഒറാക്കിൾ കമ്പനി അവർക്കെതിരെ നിയമനടപടിക്ക് തയാറെടുക്കുകയാണെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.

എകെജി സെൻറർ അക്രമ കേസിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ പി.സി ജോർജ്‌ പരാതിയും നൽകി. തനിക്കെതിരെ ആരോപിക്കപ്പെട്ട, കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന അതേ കുറ്റം തന്നെയാണ് ഇ.പി ജയരാജനും ചെയ്തിരിക്കുന്നത്. എകെജി സെന്റർ അക്രമിച്ചത് കോൺഗ്രസ് ആണെന്ന് ജയരാജൻ പ്രഖ്യാപിച്ച അന്ന് രാത്രി മുതലാണ് സിപിഎം നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾ നടന്നതെന്നും ജോർജ് കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തിരിമറികളുടെയും നിഗൂഢതകളുടെയും കൂടാരമാണ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ എക്സാലോജിക് എന്ന സ്ഥാപനമെന്നും

കെ.ടി ജലീലിന്റെ പരാതിയിൽ കന്റോൺമെന്റ് സ്റ്റേഷനിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയായും താൻ രണ്ടാം പ്രതിയായും കേസെടുത്തിരുന്നു. ജാമ്യമില്ല വകുപ്പുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ആ കേസിലാണ് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് തന്റെ മൊഴി രേഖപ്പെടുത്തിയത്. ഈ കേസിൽ 153 എ സെക്ഷനിൽ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നാണ് എനിക്കും സ്വപ്ന സുരേഷിനും എതിരെയുള്ള കേസ്. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകൾ കേരളമൊട്ടുക്ക് പ്രക്ഷോഭം ആരംഭിക്കാൻ കാരണമായി എന്നും നിരവധി സംഘർഷങ്ങൾ ഉണ്ടാവുകയും അതുവഴി വലിയ സാമൂഹിക പ്രശ്നങ്ങൾ ഉണ്ടായെന്നും കാണിച്ചാണ് 153 വകുപ്പ് ചുമത്തിയത്. ഇതേ കുറ്റമാണ് ഇ പി ജയരാജനും ചെയ്തിട്ടുള്ളത്.

എകെജി അക്രമവുമായി ബന്ധപ്പെട്ട് ഈ കുറ്റം ചെയ്തത് കോൺഗ്രസ് ആണെന്ന് പ്രഖ്യാപിച്ച അന്ന് രാത്രി മുതലാണ് സിപിഎം നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾ കോൺഗ്രസിനെതിരെ നടന്നത്. അന്നും അടുത്ത ദിവസവുമായി നിരവധി കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെടുകയുംനിരവധി കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം അഴിച്ചുവിടുകയും ചെയ്തു. ഇതിന് പ്രേരണയായത് ഇ പി ജയരാജന്റെ പ്രസ്താവനയാണ്. എന്നാൽ ഇന്നും ആ പ്രസ്താവന ശരിയാണോ എന്ന് തെളിയിക്കുന്നതിന് അദ്ദേഹത്തിന് കേരള പൊലീസിനോ സാധിക്കാത്ത സാഹചര്യത്തിൽ ലഹളയ്ക്കുള്ള ആഹ്വാനം ഐപിസി സെക്ഷൻ 153 അനുസരിച്ച് ജയരാജനെതിരെ കേസെടുക്കണം എന്നതാണ് തൻറെ പരാതി എന്ന് പി.സി ജോർജ് പറഞ്ഞു.

താൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഇ.ഡി ആവശ്യപ്പെട്ടാൽ മൊഴി നൽകുമെന്നും തെളിവുകൾ ഹാജരാക്കാൻ തയ്യാറാണെന്നും ജോർജ് വ്യക്തമാക്കി. കേരളത്തിൽ കലാപം ഉണ്ടാക്കാനും മുഖ്യമന്ത്രിക്ക് എതിരായുള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുമുള്ള ഗൂഢാലോചനയും ആസൂത്രിതമായ ശ്രമവുമാണ് എകെജി സെൻറർ ആക്രമണമെന്നും ജോർജ് പറഞ്ഞു. അതേസമയം ഇപ്പോൾ തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദരേഖ വ്യാജമാണെന്നും അത് നിർമിച്ചത് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആണെന്നും പി.സി ജോർജ് ആരോപിച്ചു. ഉമ്മൻചാണ്ടിയെപ്പറ്റി പണ്ട് പറഞ്ഞത് അബന്ധമായി കരുതുന്നു. തന്റെ ജാമ്യം റദ്ദാക്കാനായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചതിൽ സന്തോഷം ഉണ്ടെന്നും ആർക്കും ഹൈക്കോടതിയിൽ പോകാം എന്നും ജോർജ് പറഞ്ഞു. കേരളത്തിലെ 44 ലക്ഷം പേരുടെ ഡാറ്റ സൂക്ഷിച്ചിരുന്നത് കച്ചവടം നടത്തിയെന്നും അതിൻറെ തെളിവുകൾ ഉടൻ തന്നെ താൻ വെളിപ്പെടുത്തുമെന്നും ജോർജ് കൂട്ടിച്ചേർത്തു.

Content Highlights: PC George's disclosure about political

Post a Comment

0 Comments