banner

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: മാർഗരറ്റ് ആൽവയും ജഗ്ദീപ് ധങ്കറും സ്ഥാനാർത്ഥികൾ

ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മാർഗരറ്റ് ആൽവയും ജഗ്ദീപ് ധങ്കറും സ്ഥാനാർത്ഥികൾ. കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയും. ജഗ്ദീപ് ധന്‍കർ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമാണ്.

എന്‍സിപി നേതാവ് ശരത് പവാറാണ് കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും, നേരത്തെ അവര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും ശരത് പവാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിപ്രഖ്യാപനത്തിന് പിന്നാലെ തങ്ങളുടെ പിന്തുണ മാര്‍ഗരറ്റ് ആല്‍വയ്ക്കാണെന്ന് ശിവസേന എംപി സഞ്ജയ് റാവത് പ്രതികരിച്ചു.

മുന്‍ കേന്ദ്രമന്ത്രിയായ മാര്‍ഗരറ്റ് ആല്‍വ, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 

ജഗ്ദീപ് ധന്‍കറാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. നിലവില്‍ ബംഗാള്‍ ഗവര്‍ണറാണ് ധന്‍കര്‍. ജെപി നദ്ദയായിരുന്നു ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗതീരുമാനം പ്രഖ്യാപിച്ചത്.

ആഗസ്റ്റ് 6നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 19 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി 22 ആണ്. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് പത്തിന് അവസാനിക്കും.

Post a Comment

0 Comments