banner

തൃക്കരുവയിലെ മാലിന്യ അഴിമതി വിവാദം; കുറ്റക്കാരെ സെക്രട്ടറി സംരക്ഷിക്കുന്നതായി സി.പി.ഐ.എം; പ്രതിഷേധ ധർണ്ണ നടത്തി

അഞ്ചാലുംമൂട് : തൃക്കരുവയിലെ മാലിന്യ അഴിമതിയുമായി ഉയർന്നു വന്ന വിവാദത്തിൽ പഞ്ചായത്ത് സെക്രട്ടറി കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാരോപിച്ച് സി.പി.ഐ.എം പ്രതിഷേധ ധർണ്ണ നടത്തി. തൃക്കരുവ, കാഞ്ഞാവെളി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ സി.പി.ഐ.എം അഞ്ചാലുംമൂട് ഏരിയ സെക്രട്ടറി കെ ജി ബിജു ഉദ്ഘാടനം ചെയ്തു.

തൃക്കരുവ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേന പതിനാറ് വാർഡുകളിൽ നിന്നുമായി ശേഖരിച്ച് പഞ്ചായത്തിലെ എംസി എഫിൽ സൂക്ഷിച്ചിരുന്ന ഖരമാലിന്യ വസ്തുക്കൾ പഞ്ചായത്ത് ഭരണസമിതി‌ പ്രസിഡൻ്റിൻ്റെയും, അസിസ്റ്റൻ്റ് സെക്രട്ടറിയുടെയും നേതൃത്വത്തിൽ കടത്തികൊണ്ടു പോയി അഴിമതി നടത്തിയെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്. ഇത് വഴി എഴുപതിനായിരത്തോളം രൂപ പഞ്ചായത്തിന് നഷ്ടം വന്നതായും സി.പി.ഐ.എം വ്യക്തമാക്കുന്നു.

എന്നാൽ ഈക്കാര്യം അറിഞ്ഞിട്ടും പഞ്ചായത്ത് സെക്രട്ടറി കുറ്റാരോപിതരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാരോപിച്ചായിരുന്നു ധർണ്ണ. യുവജനപ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയാണ് അഴിമതി ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ഡി.വൈ.എഫ്.ഐ അന്ന് സംഘടിപ്പിച്ചിരുന്നു.

ഏരിയ കമ്മിറ്റിയംഗം ആർ.രതീഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. ടി.എസ് ഗിരി, ബൈജു ജോസഫ്, എ.അമാൻ, ചന്ദ്രശേഖരപിളള, ഫിലിപ്പൻ ഏലിയാസ്, അനിൽകുമാർ,  സി. ബാബു എന്നിവർ സംസാരിച്ചു.

Post a Comment

0 Comments