banner

വാഹനത്തിനായി പണമില്ലാതെ, എട്ടുവയസ്സുകാരൻ സഹോദരന്റെ മൃതദേഹവുമായി കാത്തുനിന്നത് അരമണിക്കൂറോളം

ഭോപ്പാല്‍ : മധ്യപ്രദേശില്‍ വാഹനം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് വയസുള്ള സഹോദരന്റെ മൃതദേഹം മടിയില്‍ വച്ച് എട്ടു വയസുകാരന്‍ കാത്തിരുന്നത് അര മണിക്കൂറോളം. മരണപ്പെട്ട സഹോദരന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വാഹനത്തിന് ആവശ്യപ്പെട്ട 1500 രൂപ നല്‍കാന്‍ ഇല്ലാത്തത് കൊണ്ടാണ് ഇത്തരമൊരു ദാരുണാവസ്ഥയുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മധ്യപ്രദേശിലെ മൊറേന പട്ടണത്തില്‍ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കണ്ണ് നനക്കുന്നതാണ്.

സംഭവം ഇങ്ങനെ: അംബയിലെ ബദ്ഫ്ര ഗ്രാമത്തിലെ താമസക്കാരനായ പൂജാറാം തന്റെ രണ്ട് വയസുള്ള മകനെ ഭോപ്പാലില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള മൊറേന ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. കരള്‍ രോഗിയായിരുന്ന രണ്ട് വയസുകാരന്‍ രാജ ചികിത്സക്കിടെ മരിച്ചു. മൃതദേഹം 30 കിലോമീറ്റര്‍ അകലെയുള്ള തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ വാഹനം വേണമെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും അഭ്യര്‍ത്ഥിച്ചെങ്കിലും ആശുപത്രയില്‍ വാഹനമില്ലെന്നു പറഞ്ഞ് കൈയ്യൊഴിഞ്ഞു.

തുടര്‍ന്ന് ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവറെ സമീപിച്ചെങ്കിലും 1500 രൂപ ആവശ്യപ്പെട്ടു. ഈ തുക നല്‍കാന്‍ സാധിക്കാതെ നിസഹായനായിരുന്നു പൂജാറാം. താങ്ങാനാകുന്ന നിരക്കില്‍ പൂജാറാം വാഹനം അന്വേഷിച്ചിറങ്ങിയ നേരമത്രയും അനുജന്റെ മൃതശരീരവും മടിയില്‍ വച്ച് എട്ടു വയസ്സുകാരന്‍ വഴിയില്‍ ഇരിക്കുകയായിരുന്നു. ഈ ദൃശ്യമാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ പകര്‍ത്തിയത്. 

വിവരം അറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടത്തിലാരോ അധികൃതരെ വിവരമറിയിച്ചു. ഒടുവില്‍ പൊലീസ് ഇടപെടലിനെ തുടര്‍ന്നാണ് പൂജാറാമിന് വാഹനം ലഭിച്ചത്.

Post a Comment

0 Comments