ഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ ലാവ്‌ലിൻ കേസ് അടുത്ത മാസം 13ന് സുപ്രീം കോടതി പരിഗണിക്കും. ലാവ്‍ലിൻ കേസ് പട്ടികയിൽനിന്ന് മാറ്റരുതെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. കേസ് നിരന്തരം മാറ്റുന്ന കാര്യം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.
നിരവധി തവണ മാറ്റിവച്ചതിനു ശേഷമാണ് സെപ്റ്റംബർ 13ന് ലാവ്ലിൻ ഹർജികൾ പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽനിന്ന് ലാവ്‌ലിൻ ഹർജികൾ നീക്കം ചെയ്യരുതെന്നാണ് കോടതിയുടെ കർശന നിർദ്ദേശം.
ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ നിരന്തരം മാറിപ്പോകുന്നുവെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പട്ടിക മാറ്റരുതെന്ന് കോടതി നിർദ്ദേശിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ അന്വേഷണ ഏജൻസിയായ സിബിഐ നൽകിയ ഹർജിയിൽ 2018 ജനുവരിയിലാണ് നോട്ടിസ് അയച്ചത്. എന്നാൽ അതിനുശേഷം കാര്യമായ തുടർ നടപടികളുണ്ടായില്ല. പല തവണ കേസ് മാറ്റിവച്ചു. ഇക്കാര്യമാണ് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്.
അതേസമയം, സെപ്റ്റംബർ 13ന് ലാവ്ലിൻ ഹർജികൾ ജസ്റ്റിസ് യു.യു.ലളിതിന്റെ ബെഞ്ച് തന്നെയായിരിക്കുമോ പരിഗണിക്കുക എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. അതിനു മുന്‍പ് ജസ്റ്റിസ് യു.യു.ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.
0 Comments