banner

വൈദികന്റെ വീട്ടില്‍ നിന്ന് 50 പവന്‍ കവർന്ന സംഭവത്തിൽ പിടിയിലായത് മകൻ

കോട്ടയം : കൂരോപ്പടയില്‍ വൈദികന്റെ വീട്ടില്‍നിന്ന് 50 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ ട്വിസ്റ്റ്. മോഷണം നടത്തിയത് വൈദികന്റെ മകന്‍ തന്നെ. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.തൃക്കോതമംഗലം സെന്റ് മേരീസ് ബത്‌ലഹേം പള്ളി വികാരിയായ പൂളിമൂട് ഇലപ്പനാല്‍ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകീട്ട് വന്‍ കവര്‍ച്ച നടന്നത്. 

വീടിനെക്കുറിച്ച്‌ നല്ല ധാരണയുള്ളയാളാണ് മോഷ്ടാവെന്ന നിഗമനത്തില്‍ കുടുംബവുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. എന്നാല്‍, ഇന്നു വൈകീട്ടോടെ പ്രതിയും വൈദികന്റെ മകനുമായ ഷൈന്‍ നൈനാന്‍ അച്ഛനോട് കുറ്റം സമ്മതിക്കുകയായിരുന്നു. 

തുടര്‍ന്ന് വൈദികനും മകനും പൊലീസിനോട് വിവരം വെളിപ്പെടുത്തി.
പ്രതിയെ പാമ്ബാടി പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണം വച്ച കടയില്‍ പ്രതിയുമായി തെളിവെടുപ്പ് നടന്നു. സാമ്ബത്തിക ബാധ്യത തീര്‍ക്കാനാണ് മോഷണം നടത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ട് ഫാ. ജേക്കബും ഭാര്യ സാലിയും വൈകീട്ട് 4.15ന് പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്. വൈകീട്ട് ഏഴോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം ശ്രദ്ധയില്‍പെട്ടത്. വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്നാണ് മോഷണത്തിനായി അകത്തുകടന്നിരുന്നത്.

തുടര്‍ന്ന് കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്ത് അലമാര തുറന്നാണ് പണവും ആഭരണങ്ങളും കവര്‍ന്നത്. 50 പവന്‍ സ്വര്‍ണത്തിനു പുറമെ 80,000 രൂപയും മോഷണം പോയിരുന്നു. മോഷണം പോയ സ്വര്‍ണത്തിന്റെ ഒരു ഭാഗം പിന്നീട് വീടിനു സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു. വീട്ടിനകത്ത് തെളിവ് നശിപ്പിക്കാനായി മുളകുപൊടി വിതറിയതായും കണ്ടെത്തിയിരുന്നു.

Post a Comment

0 Comments