ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ പ്രതികളെ വിട്ടയച്ചതില്‍ വിമര്‍ശനവുമായി ബിജെപി നേതാവും നടിയുമായ ഖുശ്ബു. ബില്‍ക്കിസ് ബാനുവിന് നീതി ലഭിക്കണമെന്നും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ഒരാളെ പോലും വെറുതേ വിടരുതെന്നുമാണ് ഖുശ്ബുവിന്റെ ട്വീറ്റ്.
'ബലാത്സംഗം ചെയ്യപ്പെടുകയോ, ആക്രമിക്കപ്പെടുകയോ ക്രൂരമായി പീഡിപ്പിക്കപ്പെടുകയോ, ആത്മാവിന് മുറിവേല്‍ക്കപ്പെടുകയോ ചെയ്ത ഒരു സ്ത്രീക്ക് നീതി ലഭിക്കണം. അതില്‍ ഉള്‍പ്പെട്ട ഒരു മനുഷ്യനെയും വെറുതെ വിടരുത്. അങ്ങനെ ചെയ്താല്‍ അത് മനുഷ്യത്വത്തിനും സ്ത്രീത്വത്തിനും അപമാനമാണ്. ബില്‍ക്കിസ് ബാനു അല്ലെങ്കില്‍ ഏതെങ്കിലും ഒരു സ്ത്രീക്ക് രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങള്‍ക്കും അതീതമായി ഈ കാലഘട്ടത്തില്‍ പിന്തുണ ആവശ്യമാണ്'. എന്നായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.
പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്ക് എതിരെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം രംഗത്തുവന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ഖുശ്ബുവിന്റെ വിമര്‍ശം ചൂണ്ടിക്കാട്ടി പ്രതിപക്ഷവും ബിജെപിക്ക് എതിരെ രംഗത്തുവന്നു. ഖുശ്ബുവിന്റെ ശബ്ദം കേള്‍ക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറാകുമോയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ചോദിച്ചു.ഗുജറാത്ത് സര്‍ക്കാര്‍ നടപടിയില്‍ രാഷ്ട്രീയ മാനമില്ല എന്നായിരുന്നു മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ വനതി ശ്രീനിവാസന്റെ പ്രതികരണം. മാര്‍ഗനിര്‍ദേശങ്ങളുടെയും കേസിന്റെ മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ് കുറ്റവാളികളെ വിട്ടയച്ചത്.
0 Comments