banner

മന്ത്രിയോട് തർക്കിച്ച സിഐയ്‍ക്കെതിരെ നടപടി

തിരുവനന്തപുരം : ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി തർക്കിച്ച സിഐയ്‍ക്കെതിരെ നടപടി. വട്ടപ്പാറ എസ്എച്ച്ഒ ഗിരിലാലിനെ വിജിലൻസിലേക്ക് മാറ്റി. സംഭവത്തിൽ റൂറൽ എസ്പിയുടെ നിർദേശ പ്രകാരം നെടുമങ്ങാട് ഡിവൈഎസ്പി അന്വേഷണം നടത്തിയിരുന്നു. മന്ത്രിയോടുള്ള പോലീസുകാരൻ്റെ പെരുമാറ്റം അച്ചടക്ക ലംഘനമാണെന്നു ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇൻസ്പെക്ടർ മര്യാദയില്ലാതെ പെരുമാറിയെന്ന് മന്ത്രിയുടെ ഓഫീസും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. 

ഇതിനു പിന്നാലെയാണ് സിഐ ഗിരിലാലിനെതിരെ നടപടിയെടുത്തത്.പീഡന പരാതിയുമായി ബന്ധപ്പെട്ട് നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് മന്ത്രി വട്ടപ്പാറ എസ്എച്ചഒയായ സിഐ ഗിരിലാലിനെ വിളിച്ചത്. ന്യായം നോക്കി ഇടപെടാമെന്നായിരുന്നു സിഐയുടെ മറുപടി. തുടർന്ന് മന്ത്രി സിഐയെ താക്കീത് നൽകുന്ന രീതിയിൽ സംസാരിച്ചു. ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

സ്വന്തം മണ്ഡലമായ നെടുമങ്ങാട്ടെ ഒരു സ്ത്രീയുടെ പരാതിയിലായിരുന്നു ജി ആർ അനിൽ ഗിരിലാലിനെ ഫോൺ വിളിച്ചത്. പരാതി കേട്ടയുടൻ ആളെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിച്ചു. സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂ. ഞങ്ങളെയൊന്നും സംരക്ഷിക്കാൻ ആരുമില്ലെന്നും ന്യായം നോക്കിയേ ഇടപെടുകയുള്ളൂവെന്നും സിഐ മറുപടി നൽകി. 

തുടർന്ന് ഇരുവരും രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെടുകയായിരുന്നു. രണ്ടാം ഭർത്താവിനെതിരെയാണ് സ്ത്രീ പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. എന്നാൽ കേസ് എടുക്കാതായതോടെയാണ് പരാതിയുമായി യുവതി മന്ത്രിയുടെ അടുത്തെത്തിയത്.

إرسال تعليق

0 تعليقات