നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ റെയ്ഡ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരനുമായി പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് സംസാരിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
കേസിന്റെ തുടരന്വേഷണത്തില്‍ വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണത്തിലാണ് ദിലീപിന്റെ സഹോദരന്റെ ഫോണില്‍ നിന്നും വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ചാറ്റുകള്‍ കണ്ടെടുത്തത്. ബി സന്ധ്യ, ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ വ്യാജപ്രൊഫൈലുകള്‍ ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. 2017 ലാണ് വാട്‌സ്ആപ് ഗ്രൂപ്പ് നിര്‍മിച്ചത്.
'ദിലീപിനെ പൂട്ടണം' എന്ന വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയതായാണ് കണ്ടെത്തിയത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇത് സംബന്ധിച്ച വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചത്. അന്ന് ഈ ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്ന് അനൂപിന്റെ ഫോണിലേക്ക് അയച്ചതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ ഗ്രൂപ്പ് വ്യാജമാണെന്ന പരാതിയുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കരയും രംഗത്തുവന്നു.
0 Comments