banner

പ്രതികൂല കാലാവസ്ഥ: ആലപ്പുഴയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി, പത്തനംതിട്ടയിൽ ചിലയിടത്ത് അവധി

ആലപ്പുഴ : സംസ്ഥാനത്താകെ പെയ്ത  അതിതീവ്ര മഴയ്ക്ക് ഇന്ന് നേരിയ ശമനമുണ്ടെങ്കിലും ജാഗ്രത ശക്തമായി തുടരണമെന്നാണ് നിർദേശം. പിന്നാലെ ആലപ്പുഴയിൽ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസറ്റ് 6) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പത്തനംതിട്ടയിലും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ (6-8-22) പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചത്.

അതേസമയം കേരളത്തിൽ വരും ദിവസങ്ങളിലും മഴ ഭീഷണി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാ പ്രദേശ് തീരത്തിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിന് പുറമേ മധ്യ കർണാടകക്ക് മുകളിൽ മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നതാണ് മഴ ഭീഷണി ശക്തമായി തുടരാൻ കാരണം.

ഓഗസ്റ്റ് 7 തീയതിയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ സ്വാധീനത്താൽ കേരളത്തിൽ ഈ മാസം 6 മുതൽ 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

Post a Comment

0 Comments