കൊച്ചി : ആഫ്രിക്കക്കാരായ ക്രിമിനലുകൾ തമ്പടിക്കുന്ന സ്ഥലം. അപരിചിതരെ കണ്ടാൽ പോലും ആക്രമിക്കാനുള്ള സാദ്ധ്യത ഏറെ.
കർണാടകയിലെ ആർ.കെ. പുരത്തെ ‘ആഫ്രിക്കൻ കോളനി’ കർണാടക പൊലീസിന് പോലും കടന്നുചെല്ലാൻ കഴിയാത്തൊരിടമാണ്. ഇവിടെ നിന്നാണ് പ്രത്യാക്രമണത്തിന് ഒരു നിമിഷം പോലും നൽകാതെ, കേരളത്തിലേക്ക് കോടികൾ വിലമതിക്കുന്ന എം.ഡി.എം.എ നിർമ്മിച്ച് വില്പന നടത്തിയിരുന്ന നൈജീരിയൻ സ്വദേശി ഒക്കഫോർ എസേ ഇമ്മാനുവലിനെ (36) പാലാരിവട്ടം പൊലീസ് സാഹസികമായി പിടികൂടിയത്.
ഇയാളെ പിടികൂടി പൊലീസ് സംഘം ചോദ്യം ചെയ്തതോടെയാണ് മലയാളിയാണ് ആഫ്രിക്കയിൽ ഇരുന്ന് എം.ഡി.എം.എ അടക്കമുള്ള ലഹരി മരുന്നുകൾ വിൽപ്പന നിയന്ത്രിക്കുന്നത് മലയാളിയാണ് എന്നു തിരിച്ചറിഞ്ഞത്. ഇയാളുടെ വിവരങ്ങൾ അടക്കം പൊലീസ് ശേഖരിച്ച് അന്വേഷണം നടത്തുകയാണ്. കലൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ കേസന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘം ആർ.കെ പുരത്ത് എത്തിയത്. കർണാടക പൊലീസ് സ്ഥലം കാണിച്ചുനൽകി മടങ്ങിയപ്പോൾ എസേയ്ക്കായി വലവിരിച്ച് പാലാരിവട്ടം സി.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കാത്തിരുന്നു. വാട്‌സ്ആപ്പ് കോളുകളിലൂടെ ഇയാളുടെ നീക്കങ്ങൾ കണ്ടെത്താനായിരുന്നെങ്കിലും എസേയുടെ ഫോട്ടോയോ മറ്റോ പൊലീസിന് ലഭിച്ചിരുന്നില്ല. ആഫ്രിക്കൻ കോളനിയിൽ നിന്ന് ആളുമാറി പിടികൂടിയാലുള്ള അപകടവും പൊലീസിന് മുന്നിലുണ്ടായിരുന്നു.
കെട്ടിട ഉടമയിൽ നിന്ന് എസേയുടെ താമസമുറി കണ്ടെത്തിയത് മാത്രമായിരുന്നു ഒരേയൊരു കച്ചിത്തുരുമ്പ്. രാത്രിയോടെ സ്ഥലത്തെത്തിയ എസേയെ മിന്നൽ വേഗത്തിൽ കീഴ്‌പ്പെടുത്തി സ്ഥലംവിടുകയായിരുന്നു. കെമിക്കൽ എൻജിനിയറിംഗ് ബിരുദധാരിയാണെന്ന് അവകാശപ്പെടുന്ന എസേ 2018ൽ എഡ്യൂക്കേഷൻ വിസയിലാണ് രാജ്യത്തെത്തുന്നത്. പിന്നീട് ആഫ്രിക്കൻ കോളനിയിൽ എത്തി. ലഹരിസംഘത്തിനായി എം.ഡി.എം.എ ‘കുക്ക് ചെയ്താണ്’ മയക്കുമരുന്ന് ഇടപാടിലേക്ക് എത്തുന്നത്. പതിയെ കച്ചവടവും തുടങ്ങി. ലഹരിനിർമ്മാണ കേന്ദ്രം കണ്ടെത്താനായിട്ടില്ല. കേരളത്തിലേക്കുള്ള ലഹരി ഇടപാട് നിയന്ത്രിക്കുന്നത് ഒരു മലയാളിയാണ്. ഇയാൾവഴി ലക്ഷങ്ങളുടെ കച്ചവടം അടുത്തിടെ മാത്രം നടത്തിയിട്ടുണ്ട്. നേരിട്ടാണ് പണമിടപാടെല്ലാം. പിടിയിലാകുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്.
ഒരു കുടുസുമുറിയിൽ സുഹൃത്തിനൊപ്പമാണ് താമസം. ഇവിടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഹെൽമെറ്റ് ധരിച്ചുമാത്രമേ ഇവർ പുറത്തേക്ക് ഇറങ്ങൂ. എവിടേക്കാണ് പോകുന്നത് ആർക്കുമറിയില്ല.
ഇന്ത്യയിലെത്തി സിം എടുത്ത എസേ ഇതുവരെ ഫോൺ വിളിക്കാൻ ഉപയോഗിച്ചട്ടേയില്ല. വാട്‌സ്ആപ്പ്, ഇൻസ്റ്രാഗ്രം വഴിയായാണ് ആശയവിനിമയം. വാട്‌സ്ആപ്പ് പിന്തുടർന്ന് പൊലീസ് തന്നിലേക്ക് എത്തില്ലെന്ന അമിത അത്മവിശ്വാസത്തിലായിരുന്നു ഇയാൾ. സൈബർ സെൽ ഉദ്യോഗസ്ഥർ വാട്‌സ്ആപ്പ് നീക്കങ്ങൾ കണ്ടെത്തുകയായിരുന്നു.
0 Comments