banner

മൺറോതുരുത്തിനെ കരകയറ്റാൻ കാർഷികനിക്ഷേപം; സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായേക്കും

മൺറോത്തുരുത്തിനെ കൈപിടിച്ചുയർത്താൻ കാർഷിക മേഖലയിൽ സർക്കാർ, സ്വകാര്യ നിക്ഷേപം കൂട്ടാനായുള്ള കൂടിയാലോചനകൾ തുടരുന്നു. നിരന്തരമായ വേലിയേറ്റം മൺറോത്തുരുത്തിലെ ജനജീവിതത്തിൽ സൃഷ്ടിക്കുന്ന ദുരിതവും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാൻ ജില്ലാ ആസൂത്രണ വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പാണ് കാർഷികനിക്ഷേപം വർദ്ധിപ്പിക്കുകയെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. 

തുരുത്തിലെ പരമാവധി പ്രദേശം വിവിധതരം കൃഷികൾക്ക് പ്രയോജനപ്പെടുത്തുകയെന്ന നിർദ്ദേശമാണ് കൃഷി വകുപ്പിനുള്ളത്. ഇതിന് വിവിധ സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തി ഇവിടത്തെ ജനങ്ങൾക്ക് പരമാവധി സഹായം നൽകും. ഇതിന് പുറമേ കൂടുതൽ സ്വകാര്യ സംരംഭകരെ ആകർഷിക്കും. മത്സ്യകൃഷി, കന്നുകാലി വളർത്തൽ തുടങ്ങിയവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. നിലവിലെ പ്രദേശം പരമാവധി പ്രയോജനപ്പെടുന്ന തരത്തിൽ സംയോജിത കൃഷിയുടെ വ്യാപനവും ലക്ഷ്യമിടുന്നു.

വേലിയേറ്റ ഭീഷണിയുള്ള സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന കൃഷിയും അല്ലാത്തിടങ്ങളിൽ മറ്റിനങ്ങളുമാകും പ്രോത്സാഹിപ്പിക്കുക. പ്രദേശവാസികളുടെ അഭിപ്രായങ്ങൾ കൂടി ശേഖരിച്ച ശേഷമാകും പദ്ധതി അന്തിമമാക്കുക. ഇതിനായി വിദ്യാർത്ഥികൾ വീടുകൾ കയറിയിറങ്ങി സർവ്വേ നടത്തും. കാർഷികമേഖലയിൽ നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ, ആവശ്യമായ സഹായം എന്നിവയാകും സർവേയിൽ ആരായുക.

വേലിയേറ്റ പ്രദേശങ്ങളിൽ അടക്കം കൃഷി ചെയ്യാവുന്ന, ഓരുവെള്ളത്തിലും വളരുന്ന നെല്ലിന്റെ വ്യാപനവും ആലോചനയിലുണ്ട്. നിലവിൽ ഈ വിഷയത്തിൽ ഗവേഷണം നടത്തുന്ന വിവിധ ഏജൻസികളിൽ നിന്ന് ഉപദേശം സ്വീകരിച്ചാകും ഇനം തിരഞ്ഞെടുക്കുക.
 

Post a Comment

0 Comments