banner

മുഖ്യമന്ത്രിക്കെതിരായ വിമാന പ്രതിഷേധം; ഫർസീൻ മജീദിനെ കാപ്പചുമത്തി നാടുകടത്താൻ നീക്കം


കണ്ണൂർ : വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ പോലീസിന്റെ നിർദേശം. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നത് അടക്കമുള്ള കേസുകളിലാണ് നിർദേശം. കാപ്പ ചുമത്താൻ പോലീസ് കണ്ണൂർ ജില്ലാ കളക്ടറുടെ അനുമതി തേടി. 

പോലീസിന്റെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഇത്.
ഡിഐജി തലത്തിൽ നിന്നാണ് കളക്ടറുടെ അനുമതി തേടിയുള്ള അപേക്ഷ പോയിട്ടുള്ളത്. ഫർസീൻ മജീദിനെ കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിക്കുമ്പോൾ കണ്ണൂർ ജില്ലയിൽനിന്ന് നാടുകടത്തണമെന്നാണ് പോലീസ് പറയുന്നത്. ഫർസീൻ മജീദിനെ ജില്ലയിൽ തുടരാൻ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

അതുകൊണ്ടുതന്നെ ഫർസീൻ മജീദിനെ എത്രയുംവേഗം നാടുകടത്തണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു, അതിനായി ഗൂഡാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പഴയ കേസുകളും ഉൾപ്പെടുത്തിയാണ് കളക്ടർക്ക് ശുപാർശ നൽകിയിട്ടുള്ളത്. ശുപാർശ കളക്ടർ അംഗീകരിക്കുകയും അതിനുള്ള അന്തിമ അംഗീകാരം നൽകുന്ന സമിതിക്ക് അയക്കുകയും വേണം. 

ഇതിനിടയിൽ ഫർസീന് തന്റെ വാദങ്ങൾ പറയാനുള്ള അവസരമുണ്ടാകും. ഫർസീൻ നേരിട്ടോ അദ്ദേഹത്തിന്റെ അഭിഭാഷകനോ ഈ സമിതിക്ക് മുന്നിൽ എത്തണം. കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് ഫർസീന് നൽകിക്കഴിഞ്ഞു. 

മട്ടന്നൂർ പോലീസാണ് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കിയത്. 2018 മുതൽ ഫർസീന് എതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്. 

രാഷ്ട്രീയമായി പകവീട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനായി പോലീസിനെ ഉപയോഗിക്കുന്നുവെന്നുമാണ് ഫർസീൻ മജീദും കോൺഗ്രസ് നേതാക്കളും പ്രതികരിച്ചത്.

Post a Comment

0 Comments