banner

പത്താം ക്ലാസ് പരീക്ഷയെഴുതിയവരെല്ലാം തോറ്റു; അസമിൽ അടച്ചുപൂട്ടാനൊരുങ്ങി 34 സർക്കാർ സ്‌കൂളുകൾ

ഗുവാഹത്തി : മാർച്ചിലെ പത്താം ക്ലാസ് പ്രധാന പരീക്ഷയിലെ കൂട്ടത്തോൽവിക്ക് പിന്നാലെ 34 സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടാനൊരുങ്ങി അസം. പരീക്ഷയെഴുതി 1000 വിദ്യാർഥികളിൽ ഒരാൾ പോലും ജയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്‌കൂളുകൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചത്.

വിജയശതമാനം ഇല്ലാത്ത സ്‌കൂളുകൾക്കായി നികുതിദായകരുടെ പണം ചെലവഴിക്കുന്നത് അർത്ഥശൂന്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പറഞ്ഞു. ''വിദ്യാഭ്യാസം നൽകുക എന്നതാണ് സ്‌കൂളുകളുടെ പ്രാഥമിക കടമ. ഒരു സ്‌കൂളിന് അതിലെ വിദ്യാർഥികൾ പത്താം ക്ലാസ് പരീക്ഷയിൽ വിജയിപ്പിക്കാൻ കഴിക്കാൻ കഴിയുന്നില്ലെങ്കിൽ ഈ സ്‌കൂളുകൾ നിലനിർത്തുന്നതിൽ അർഥമില്ലെന്ന് പെഗു പറഞ്ഞു. ഈ സ്‌കൂളുകൾക്കായി പൊതു പണം ചെലവഴിക്കാൻ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ സ്‌കൂളുകളെ സമീപത്തെ സ്‌കൂളുകളുമായി ലയിപ്പിക്കാനാണ് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. അഞ്ചുവർഷത്തെ കണക്കെടുക്കുമ്പോൾ ഈ വർഷം അസമിലെ പത്താം ക്ലാസ് പരീക്ഷാ ഫലം നിരാശപ്പെടുത്തുന്നതാണ്. നാല് ലക്ഷം പേർ പരീക്ഷയെഴുതിയപ്പോൾ 56.49 ശതമാനമാണ് വിജയം. 2018 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 68 സ്‌കൂളുകളിൽ വിജയശതമാനം 10 ശതമാനത്തിൽ താഴെയാണ്.

കോവിഡ് മഹാമാരി മൂലമുണ്ടായ തടസങ്ങളും മിക്ക സ്‌കൂളുകളിലെ അധ്യാപകർ വിദ്യാർഥികളെ വേണ്ടത്ര ശ്രദ്ധിക്കാത്തതുമാണ് കൂട്ടത്തോൽവിക്ക് കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം സ്‌കൂളുകൾ അടച്ചുപൂട്ടുന്നത് ഇതിനൊരു പരിഹാരമല്ലെന്നുംരാജ്യത്തുടനീളം നിരവധി പുതിയ സ്‌കൂളുകൾ തുറക്കേണ്ടതുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ട്വീറ്റ് ചെയ്തു. അടച്ചുപൂട്ടുന്നതിനു പകരം സ്‌കൂളുകളും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അസം സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് വിദ്യാർഥികളുടെ കുറവും മോശം പ്രകടനവും നടത്തുന്ന 290 ഓളം സർക്കാർ സ്‌കൂളാണ് സംസ്ഥാനത്തുള്ളത്. പത്താം ക്ലാസ് പരീക്ഷയിൽ വളരെ കുറഞ്ഞ വിജയശതമാനമുണ്ടായ 102 സർക്കാർ സ്‌കൂളുകൾക്ക് അസം സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

Post a Comment

0 Comments