banner

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ബിഹാർ സ്വദേശി വെടിയേറ്റു മരിച്ചു

ജമ്മു കശ്മീരിൽ വീണ്ടും അതിഥി തൊഴിലാളിയെ വെടിവച്ചുകൊന്ന് ഭീകരർ. ബിഹാർ മദെപുര സ്വദേശിയായ മഹൊദ് അമ്‌റേസ് ആണ് കൊല്ലപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബന്ദിപ്പോർ ജില്ലയിൽ അർധരാത്രിയോടെയാണ് സംഭവം.

നാല് സൈനികർ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചതിനു തൊട്ടടുത്ത ദിവസമാണ് വീണ്ടും ആക്രമണമുണ്ടായത്. ജമ്മു കശ്മീരിലെത്തുന്ന ഇതര സംസ്ഥാനക്കാരെ തിരഞ്ഞുപിടിച്ച് വധിക്കുന്നത് അടുത്തിടെയായി വർധിക്കുകയാണ്. 

ബാങ്ക് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ആഴ്ച ബിഹാർ സ്വദേശിയായ മുഹമ്മദ് മുംതാസ് കൊല്ലപ്പെട്ടിരുന്നു. മറ്റു രണ്ട് പേർക്കു പരുക്കേൽക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ രജൗറി പർഗലിൽ കരസേനാ ക്യാംപിനു നേർക്കുണ്ടായ ചാവേർ ആക്രമണം ചെറുത്ത 4 സൈനികരാണ് വീരമൃത്യു വരിച്ചത്. 

ആക്രമണം നടത്തിയ 2 ഭീകരരെ 4 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ വധിച്ചു. പാക്ക് അധീന കശ്മീരിൽനിന്നു നുഴഞ്ഞുകയറിയ ലഷ്‌കറെ തയിബ ഭീകരരാണു ക്യാംപ് ആക്രമിച്ചത്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിലുടനീളം സുരക്ഷ കർശനമാക്കിയതിനിടെയാണ് സേനാ ക്യാംപിലെ ആക്രമണം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ മൂന്നാം വാർഷിക ദിനമായ ഈ മാസം അഞ്ചിനും സ്വാതന്ത്ര്യദിനത്തിനുമിടയിൽ ഭീകരാക്രമണം നടന്നേക്കാമെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. 

Post a Comment

0 Comments