banner

നിയമമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ അറസ്റ്റ് വാറന്റ്; കേസിനെക്കുറിച്ച് അറിയില്ലെന്ന് നിതീഷ് കുമാർ



പട്‌ന : മഹാസഖ്യ സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനു തലവേദനയായി നിയമമന്ത്രിക്കെതിരായ അറസ്റ്റ് വാറന്റ്. തട്ടിക്കൊണ്ടു പോകൽ കേസിൽ ദാനാപുരിലെ ജില്ലാ കോടതിയിൽ കീഴടങ്ങേണ്ട ദിവസമാണ് ആർജെഡി എംഎൽസി കാർത്തികേയ സിങ് നിതീഷ് മന്ത്രിസഭയിൽ നിയമമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അറസ്റ്റ് വാറന്റിന്റെ വിവരം തനിക്കറിയില്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാർ പറയുന്നത്.


ksfe prakkulam


സാമ്പത്തിക തർക്കങ്ങളെ തുടർന്നു ബിസിനസുകാരനായ രാജു സിങ്ങിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നതാണ് 2014ൽ കാർത്തികേയ സിങ്ങിനെതിരെ ചുമത്തിയ കേസ്. ബാഹുബലി നേതാവ് ആനന്ദ് സിങ് എംഎൽഎയും കാർത്തികേയ സിങ്ങുമുൾപ്പെടെ 18 പ്രതികളാണ് കേസിൽ. കേസിൽ നേരത്തേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും സെപ്റ്റംബർ ഒന്നു വരെ കാർത്തികേയ സിങ്ങിനെ അറസ്റ്റ് ചെയ്യരുതെന്നു കഴിഞ്ഞ 12ന് ജില്ലാ കോടതി നിർദേശിച്ചിരുന്നു.

നിതീഷ് കുമാറിന്റെ പുതിയ മന്ത്രിസഭയുടെ തനിനിറം വെളിപ്പെടുത്തുന്നതാണു നിയമമന്ത്രിക്കെതിരെ നിലവിലുള്ള കേസെന്നു ബിജെപി വക്താവ് നിഖിൽ ആനന്ദ് പ്രതികരിച്ചു. ആർജെഡിയുടെ സമ്മർദ്ദത്തിനു വഴങ്ങി ക്രിമിനലുകളെ നിതീഷ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments