Latest Posts

ഇടത് നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വിട്ടയച്ചത് വിവാദത്തില്‍



തിരുവനന്തപുരം : ഡി.വൈ.എഫ്‌.ഐ നേതാവിന് നേരെ വധശ്രമം. കസ്റ്റഡിയിലെടുത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വിട്ടയച്ചത് വിവാദത്തില്‍. 

ksfe prakkulam

പിന്നീട് അറസ്റ്റ് ചെയ്യാമെന്ന് കരുതി വിട്ടയച്ചതാണെന്ന വിചിത്ര വാദമാണ് പോലീസ് ഉയര്‍ത്തുന്നത്. എന്നാല്‍ ബി.ജെ.പി ഉന്നത നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് പ്രതിയെ വിട്ടയച്ചതെന്നാണ് ആക്ഷേപം.

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.അനൂപിനെ അക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കിരണിനെ ഇന്നലെ രാത്രി പത്തരയോടെയാണ് വട്ടിയൂര്‍ക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വധശ്രമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം കസ്റ്റഡിയിലെടുത്ത പ്രതിയെ രാത്രി ഒന്നരയോടെ പോലീസ് വിട്ടയച്ചു.

അനൂപിനെ അക്രമിച്ചതില്‍ പ്രതിക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ച ശേഷം അറസ്റ്റ് ചെയ്യാമെന്നതാണ് വട്ടിയൂര്‍ക്കാവ് പൊലീസിന്‍റെ വിശദീകരണം. പ്രതിയെ വിട്ടയക്കാന്‍ കന്‍റോന്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയതായാണ് സൂചന. സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അസിസ്റ്റന്‍റ് കമ്മിഷണര്‍ ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്നാണ് ആക്ഷേപം.

ഇതിനായി മുതിര്‍ന്ന ബി.ജെ.പി നേതാവ് കമ്മിഷണറെ ബന്ധപ്പെട്ടെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ ആരോപിക്കുന്നു. ജില്ലയില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷങ്ങളുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളപ്പോഴാണ് ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതും സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നതുമായ നടപടി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച്‌ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സി.പി.എം, സര്‍ക്കാര്‍ നേതൃത്വങ്ങള്‍ക്ക് ഡി.വൈ.എഫ്‌ഐയും പരാതി നല്‍കിയേക്കും.

0 Comments

Headline