Latest Posts

അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; അതിവേഗ വിസ്താരം ഇന്ന് മുതൽ

അട്ടപ്പാടി മധു വധക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി ഇന്ന് പരിഗണിക്കും.

വിചാരണ വേഗത്തിലാക്കാൻ വേണ്ടി ഇന്നുമുതൽ ദിവസേനെ അഞ്ചുപേരെ വിസ്തരിക്കും. കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന 25ാം സാക്ഷി രാജേഷ് , 26ാം സാക്ഷി ജയകുമാർ എന്നിവരടക്കം, ഏഴുപേരെ വിസ്തരിക്കും. 

27ാം സാക്ഷി സെയ്ദതലവി, 28ാം സാക്ഷി മണികണ്ഠൻ, 29ാം സാക്ഷി സുനിൽ കുമാർ, 30ാം സാക്ഷി താജുദ്ദീൻ, 31ാം സാക്ഷി ദീപു എന്നിവരുടെ വിസ്താരമാണ് ഇന്ന് നടക്കുക.

പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതിയുടെ മുമ്പിലുണ്ട്. ഇതുവരെ വിസ്തരിച്ച സാക്ഷികളിൽ 13 പേർ കൂറുമാറിയിരുന്നു. സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്ന സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

അതേസമയം, ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് മണ്ണാർക്കാട്ടെ സ്‌പെഷ്യൽ കോടതി വിചാരണ വേഗത്തിലാക്കുന്നത്. ആഗസ്റ്റ് 30നകം വിചാരണ പൂർത്തിയാക്കണം എന്നായിരുന്നു ഹൈക്കോടതി നിർദേശം.

0 Comments

Headline