മുംബൈ : സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനെ പ്രഖ്യാപിച്ചു. ഐപിഎല്‍ ബാംഗ്ലൂർ താരം ഷഹ്‍ബാസ് അഹമ്മദിനെയാണ് സുന്ദറിന്റെ പകരക്കാരനായി ബിസിസിഐ പ്രഖ്യാപിച്ചത്.
ഐപിഎല്ലില്‍ 29 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഷഹബാദ് 279 റണ്‍സും 13 വിക്കറ്റും കരിയറിൽ കുറിച്ചിട്ടുണ്ട്. റോയല്‍ ലണ്ടന്‍ കപ്പില്‍ ഫീല്‍ഡിംഗിനിടെ ഇടത്തേ ഷോള്‍ഡറിന് പരിക്കേറ്റതാണ് സുന്ദറിന് തിരിച്ചടിയായത്.
പരിക്ക് മൂലം 12 മാസത്തോളമായി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വാഷിംഗ്ടണ്‍ സുന്ദർ. 2021 ജൂലൈയില്‍ കൈവിരലിന് പരിക്കേറ്റ ശേഷം സുന്ദറിനെ പരിക്ക് വിടാതെ പിന്തുടരുകയാണ്. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക തുടങ്ങി നിരവധി ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ കളിക്കാനാവാതെ വന്ന താരത്തിന് ഐപിഎല്‍ മത്സരങ്ങളും നഷ്ടമായിരുന്നു. 22കാരനായ വാഷിംഗ്ടണ്‍ സുന്ദർ ഇന്ത്യക്കായി നാല് ടെസ്റ്റും നാല് ഏകദിനങ്ങളും 31 ടി20കളും കളിച്ചിട്ടുണ്ട്.
അതേസമയം, ഏകദിന പരമ്പരക്കായി ഹരാരെയിലെത്തിയ ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചു. ഈ മാസം 18ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 20നും 22നുമാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.
രാഹുല്‍ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി ടീമിനൊപ്പമുള്ളത്. ഏഷ്യാ കപ്പിന് മുന്നോടിയായി ദ്രാവിഡിന് വിശ്രമം അനുവദിക്കുകയായിരുന്നു. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. എല്ലാ മത്സരവും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ആരംഭിക്കുക.
0 Comments