banner

ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസ്: പ്രതികൾ ബ്രാഹ്മണരും സംസ്‌കാരമുള്ളവരുമാണെന്ന് ബിജെപി എംഎൽഎ

ന്യൂഡല്‍ഹി : ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവര്‍ ബ്രാഹ്മണരാണെന്നും അവര്‍ നല്ല സംസ്‌കാരമുള്ളവരാണെന്നും ബിജെപി ഗുജറാത്ത് എംഎല്‍എ സി.കെ. റൗള്‍ജി. ബലാത്സംഗക്കേസില്‍ തടവില്‍ കഴിഞ്ഞവരെ ഗുജറാത്ത് സര്‍ക്കാര്‍ വെറുതേ വിട്ടതിന് പിന്നാലെ സംഘപരിവാര്‍ നല്‍കിയ സ്വീകരണത്തേയും അദ്ദഹം പിന്തുണച്ചു.

ബലാത്സംഗികളെ മോചിപ്പിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ച ഗുജറാത്ത് സര്‍ക്കാര്‍ പാനലിലെ രണ്ട് ബിജെപി നേതാക്കളില്‍ ഒരാളായിരുന്നു സി.കെ. റൗള്‍ജി. ശിക്ഷയില്‍ ഇളവ് തേടി പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിക്കുകയും വിഷയം സംസ്ഥാന സര്‍ക്കാരിന് കൈമാറുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു തീരുമാനം.

‘അവര്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. അവര്‍ ബ്രാഹ്മണരായിരുന്നു, ബ്രാഹ്മണര്‍ നല്ല സംസ്‌കാരമുള്ളവരാണെന്ന് അറിയപ്പെടുന്നു. അവരെ മൂലക്കിരുത്തി ശിക്ഷിക്കുക എന്നത് ആരുടെയെങ്കിലും ദുരുദ്ദേശമായിരിക്കാം. ജയിലില്‍ കഴിയുമ്പോള്‍ പ്രതികള്‍ നല്ല പെരുമാറ്റക്കാരായിരുന്നുവെന്നും’ സി.കെ. റൗള്‍ജി പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബില്‍ക്കിസ് ബാനു കേസിലെ ബലാത്സംഗികളെ ജയില്‍ മോചിതരാക്കിയത്. ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ഇളവ് നല്‍കുന്നത് തടയുന്ന നിലവിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായി നടത്തിയ ഈ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

Post a Comment

0 Comments