സമരമുഖത്ത് ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാവ് ദീപേന്ദർ എസ്.ഹൂഡയുടെ ഷർട്ട് രാഹുൽ വലിച്ചുകീറിയെന്നാണ് ആരോപണം. ബിജെപി നേതാവും അവരുടെ ഐടി വിഭാഗം തലവനുമായ അമിത് മാളവ്യയാണ് ചിത്രം സഹിതം രാഹുലിനെതിരെ ട്വീറ്റ് ചെയ്തത്.
രാഷ്ട്രപതിഭവനിലേക്കു പ്രകടനമായി നീങ്ങിയ രാഹുൽ ഉൾപ്പെടെയുള്ളവരെ വിജയ് ചൗക്കിൽ പൊലീസ് തടഞ്ഞു. മുന്നോട്ടു പോകാനാകില്ലെന്നും ന്യൂഡൽഹി ജില്ലയിലുടനീളം നിരോധനാജ്ഞയാണെന്നും അറിയിച്ച പൊലീസ് കേരളത്തിൽനിന്നടക്കമുള്ള എംപിമാരെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.
സംഘർഷത്തിനിടെ ദീപേന്ദറിനെ ഡൽഹി പൊലീസ് വാഹനത്തിലേക്കു വലിച്ചുകയറ്റുമ്പോൾ സമീപത്തുണ്ടായിരുന്ന രാഹുൽ ഗാന്ധി ഉൾപ്പെടെ ഇടപെട്ട് തടഞ്ഞിരുന്നു. ഇതിനിടെ രാഹുൽ ദീപേന്ദറിന്റെ ഷർട്ടിൽ പിടിച്ചുവലിക്കുന്ന ചിത്രം പങ്കുവച്ചാണ്, ഇത് രാഹുലിന്റെ നാടകമാണെന്ന തരത്തിൽ ബിജെപി ആരോപണം ഉന്നയിക്കുന്നത്.
രാഹുൽ ഗാന്ധിക്കു പുറമെ, സമരമുഖത്തുണ്ടായിരുന്ന പ്രിയങ്ക ഗാന്ധിക്കെതിരെയും മാളവ്യ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സമരത്തിനിടെ പ്രിയങ്ക ഗാന്ധി തടയാനെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കൈ പിടിച്ച് തിരിക്കുകയും അവരെ തൊഴിക്കുകയും ചെയ്തെന്നാണ് ആരോപണം.
0 Comments