banner

നുപുര്‍ ശര്‍മയുടെ കേസുകളെല്ലാം ഇനി ഡല്‍ഹിയിൽ



ന്യൂഡല്‍ഹി : പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മയ്ക്ക് ആശ്വാസം. നുപൂറിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ എടുത്ത കേസുകളെല്ലാം ഡല്‍ഹി പൊലീസിന് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. വധഭീഷണി ഉണ്ടെന്ന നുപുര്‍ ശര്‍മയുടെ വാദവും ഹജരാക്കിയ രേഖകളും കണക്കിലെടുത്താണ് എല്ലാ എഫ്‌ഐആറുകളും ഡല്‍ഹി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ, ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ര്ടാറ്റജിക് ഓപ്പറേഷന്‍സിന് (IFSO) കൈമാറാന്‍ തീരുമാനമെടുത്തതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി.പാര്‍ഡിവാല എന്നിവര്‍ അടങ്ങിയ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഭാവിയില്‍ എടുക്കുന്ന കേസുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി പൊലീസിന് ആവശ്യമെങ്കില്‍ മറ്റ് സംസ്ഥാന പൊലീസിന്റെ സഹായം തേടാമെന്നും ജസ്റ്റിസുമാരായ സൂര്യകാന്തും ജെ.ബി.പാര്‍ഡിവാലയും വിധിന്യായത്തില്‍ വ്യക്തമാക്കി.

കേസിലെ എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ അനുവാദം വേണമെന്ന നുപുറിന്റെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. ദില്ലിക്ക് പുറമേ, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, അസം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നൂപുറിനെതിരെ പരാതികള്‍ നല്‍കിയിരുന്നു. കേസുകളില്‍ നുപുറിനെ അറസ്റ്റ് ചെയ്യുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം നീട്ടിയിട്ടുണ്ട്.

നേരത്തെ എല്ലാ എഫ്‌ഐആറുകളും ഡല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ, നുപുര്‍ ശര്‍മയെ വധിക്കാന്‍ പാക്കിസ്ഥാനില്‍ നിന്നെത്തിയ ഭീകരന്‍ പിടിയിലായതായി നുപുര്‍ ശര്‍മയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. റിസ്വാന്റെ കൈവശം കത്തിയും മത ഗ്രന്ഥങ്ങളും ഉണ്ടായിരുന്നുവെന്നും അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ച ശേഷം നുപുര്‍ ശര്‍മയെ വധിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നും അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതുള്‍പ്പെടെയുള്ള വധ ഭീഷണി കണക്കിലെടുത്താണ് വിവിധ സംസ്ഥാനങ്ങളിലെ കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച, നുപുര്‍ ശര്‍മയെ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹര്‍ജി പരിഗണിക്കവേ, രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യത്തിന് കാരണം നുപുര്‍ ശര്‍മയാണെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. രാജ്യത്തോട് നുപുര്‍ മാപ്പ് പറയണമെന്ന നിരീക്ഷണവും കോടതി നടത്തി. എന്നാല്‍ വാക്കാലുള്ള ഈ നിരീക്ഷണം ഉത്തരവില്‍ ഇല്ലായിരുന്നു. ഇതിനുപിന്നാലെ ഹര്‍ജി പിന്‍വലിച്ചെങ്കിലും പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments