banner

ജാതി തിരിച്ച് സ്പോർട്സ് ടീം; മേയർ ആര്യ രാജേന്ദ്രനെതിരെ വൻ വിമർശനം; പിന്നാലെ വിശദീകരണവുമായി മേയർ



തിരുവനന്തപുരം : ജനറൽ വിഭാഗത്തിലും എസ്‌സി / എസ്ടി വിഭാഗത്തിലും നഗരസഭയ്ക്കു സ്വന്തമായി സ്പോർട്സ് ടീം രൂപീകരിക്കുന്നതായി അറിയിച്ച മേയർ ആര്യ രാജേന്ദ്രനെതിരെ വൻ വിമർശനം. കായിക രംഗത്ത് ജാതി തിരിച്ച് വിഭജനം ഇതുവരെ ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. 

സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ഇട്ട കുറിപ്പിലാണ് മേയർ ഇക്കാര്യങ്ങൾ അറിയിച്ചത്. അതേസമയം, കുറിപ്പിൽ കമന്റായി വൻ പ്രതിഷേധമാണ് ഉയരുന്നത്.  

എസ്.സി. എസ്.ടി. അല്ലാത്തവര്‍ എല്ലാവരും ഒരു ടീമില്‍. എസ്.സി. എസ്.ടിക്കാര്‍ മാത്രം വേറെ ടീമില്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നത് വിചിത്ര നടപടിയാണന്നുമുള്ള കമന്റുകളാണ് മേയറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴില്‍ നിറഞ്ഞത്. ഇത് സി.പി.എം. മോഡല്‍ പുരോഗമനമാണെന്ന പരിഹാസവും ഉയര്‍ന്നു. നിങ്ങള്‍ മതങ്ങളിലേക്ക് ചുരുങ്ങുമ്പോള്‍ ഞങ്ങള്‍ മനുഷ്യരിലേക്കും അവരുടെ ജാതിയിലേക്കും പടരുന്നു, ജാതീയതയും വര്‍ഗീയതയ്ക്കുമെതിരെ വിപ്ലവം പറയുന്നവരിൽ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും ആളുകള്‍ പ്രതികരിച്ചു.

അതേസമയം, കുറിപ്പ് വിവാദമായതിനെത്തുടർന്ന് മറ്റൊരു പോസ്റ്റിലൂടെ മേയർ വിശദീകരണം നൽകിയിട്ടുണ്ട്. 

"സദുദ്ദേശപരമായി നഗരസഭ എടുത്ത തീരുമാനത്തെ തെറ്റിദ്ധാരണജനകമായി വ്യാഖ്യാനിക്കപ്പെട്ടത് ഖേദകരമാണ്.  നഗരത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നതും കായിക അഭിരുചി ഉള്ളതുമായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ട്രയൽസ് നടത്തിയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. ഇതിലേക്കായി വാർഷിക പദ്ധതിയുടെ ഭാഗമായി ജനറൽ ഫണ്ട് ഉപയോഗിച്ചും എസ്‌സി ഫണ്ട് ഉപയോഗിച്ചും പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഇത്തരത്തിൽ സർക്കാർ മാനദണ്ഡം അനുസരിച്ച് ജനറൽ /എസ്‌സി ഫണ്ടുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ കുട്ടികൾക്ക് അവസരം നൽകാൻ സാധിക്കുന്നു എന്നതാണ് പ്രത്യേകത. ഓരോ കായിക ഇനത്തിലും ആൺകുട്ടികളിൽ നിന്നും 25 പേരെയും പെൺകുട്ടികളിൽ നിന്നും 25 പേരെയാണ് തിരഞ്ഞെടുക്കുന്നത് . തിരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് പരിശീലനം നൽകി ഓരോ ഇനത്തിലും നഗരസഭയുടെ ഓരോ ടീം രൂപീകരിക്കുക എന്നതാണ് ആശയം." – മേയർ വിശദീകരിച്ചു.  


നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments