banner

ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം

ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ക്ലാസിക് പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. ഇന്ന് വൈകിട്ട് 7.30ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം.

ഇക്കുറി ടൂര്‍ണമെന്‍റിലെ ചിരവൈരികളുടെ ആദ്യ പോരാട്ടത്തിന് മുമ്ബ് ഇരു ടീമുകള്‍ക്കും മുന്‍ താരങ്ങള്‍ ശ്രദ്ധേയ ഉപദേശങ്ങള്‍ കൈമാറി. എന്നാല്‍, ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ആകെ 2 വിജയം മാത്രം നേടാന്‍ കഴിഞ്ഞ പാകിസ്ഥാന് ജയിച്ചുകയറുക എളുപ്പമാകില്ല. ക്രിക്കറ്റില്‍ പാകിസ്ഥാന് തകര്‍ക്കാന്‍ പറ്റാത്ത അഞ്ച് റെക്കോര്‍ഡുകള്‍ ഇന്ത്യയ്ക്കുണ്ട്.

എല്ലാ ലോകകപ്പിലുമായി ഇന്ത്യ 12 തവണ പാകിസ്ഥാനെ തോല്‍പ്പിച്ചിട്ടുണ്ട്. പാകിസ്ഥാനാവട്ടെ ഒരു തവണമാത്രമാണ് ഇന്ത്യയെ തോല്‍പ്പിക്കാനായത്. കഴിഞ്ഞ ടി20 ലോകകപ്പിലായിരുന്നു പാകിസ്ഥാന്റെ വിജയം. അതിന് മുമ്ബ് ഒരിക്കല്‍പ്പോലും ലോകകപ്പില്‍ ഇന്ത്യയെ മറികടക്കാന്‍ കഴിഞ്ഞില്ലെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് പാകിസ്ഥാനുണ്ടായിരുന്നു.

ഐസിസിയുടെ ഏകദിന ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ തവണ നോക്കൗട്ടില്‍ കടന്ന റെക്കോര്‍ഡും ഇന്ത്യയ്ക്കുണ്ട്. 1983ലെ ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യ 26 തവണ നോക്കൗട്ടിലെത്തിയെങ്കില്‍ പാകിസ്ഥാന്‍ 18 തവണ മാത്രമാണ് നോക്കൗട്ട് കണ്ടത്. ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് ഒരിക്കല്‍പ്പോലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുമില്ല.

ടി20 ക്രിക്കറ്റില്‍ 200 റണ്‍സിന് മുകളില്‍ കൂടുതല്‍ തവണ സ്‌കോര്‍ ചെയ്ത രാജ്യമെന്ന നിലയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. 21 തവണ ഇന്ത്യ ഈ നേട്ടത്തിലെത്തിയപ്പോള്‍ പാകിസ്ഥാന് 10 തവണ മാത്രമാണ് 200 മുകളില്‍ സ്‌കോര്‍ ചെയ്യാനായത്. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ പാകിസ്ഥാന്‍ ടി20 ക്രിക്കറ്റില്‍ മികവുകാട്ടിയിട്ടുണ്ടെങ്കിലും ഈ നേട്ടം മറികടക്കുക എളുപ്പമാകില്ല.

ടെസ്റ്റില്‍ സ്വന്തം രാജ്യത്ത് കൂടുതല്‍ വിജയം നേടിയെന്ന റെക്കോര്‍ഡും ഇന്ത്യയ്‌ക്കൊപ്പമാണ്. പാകിസ്ഥാന് ഇന്ത്യയുടെ അടുത്തെങ്ങുമില്ലെന്ന് പറയാം. ഇന്ത്യ സ്വന്തം നാട്ടില്‍ 112 ടെസ്റ്റില്‍ വിജയക്കൊടി നാട്ടിയെങ്കില്‍ പാകിസ്ഥാന് 60 വിജയങ്ങള്‍ മാത്രമേയുള്ളൂ. 2012-13 സീസണില്‍ ഇംഗ്ലണ്ടിനോട് 2-1 എന്ന നിലയില്‍ തോറ്റശേഷം ഇന്ത്യ ഒരു പരമ്ബര പോലും നാട്ടില്‍ കൈവിട്ടിട്ടില്ല.

ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി രണ്ടു തവണ ടെസ്റ്റ് പരമ്ബര വിജയിച്ച ടീമാണ് ഇന്ത്യ. പാകിസ്ഥാന് ഒരിക്കല്‍പ്പോലും ഇത് സാധ്യമായിട്ടില്ല. 2018-19 സീസണിലും, 2020-21 സീസണിലും ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്ബര സ്വന്തമാക്കി. ഏകദിനത്തില്‍ പാകിസ്ഥാന് ഓസ്‌ട്രേലിയയില്‍ പരമ്ബര വിജയം ഉണ്ടായെങ്കിലും ടെസ്റ്റില്‍ സാധ്യമായിട്ടില്ല.

Post a Comment

0 Comments