banner

തൊഴിലിടങ്ങളിൽ ചിലയിടങ്ങളില്‍ വിവേചനവും ആണ്‍കോയ്മയും നിലനില്‍ക്കുന്നു, സ്ത്രീകള്‍ നേരിടുന്ന പ്രശ്നം സര്‍ക്കാരിനറിയാം; ലിംഗസമത്വം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം : ലിംഗസമത്വം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകള്‍ നേരിടുന്ന പ്രശ്നം സര്‍ക്കാരിനറിയാം. തൊഴിലിടങ്ങളിൽ ചിലയിടങ്ങളില്‍ വിവേചനവും ആണ്‍കോയ്മയും നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ksfe prakkulam




സ്കൂളുകളില്‍ ഒരേതരം യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്നും വസ്ത്രം, ഭക്ഷണം,വിശ്വാസം ഇവ സമൂഹിക സാഹചര്യം അനുസരിച്ച് വ്യക്തിക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ.കെ. ശൈലജയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാർഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്റെ നയമല്ല.

വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സർവസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണ്. ഒരുതരത്തിലുള്ള തീവ്ര നിലപാടുകളും മേല്‍പ്പറഞ്ഞവയെ ഹനിക്കാന്‍ പാടില്ലായെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്.

ഓരോ വിദ്യാലയങ്ങളിലും അവരുടെ യൂണിഫോം വിദ്യാലയതലത്തിലാണ് തീരുമാനിക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നിർദേശം പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല.

പുരോഗമന സ്വഭാവമുള്ള ഒരു വിജ്ഞാന സമൂഹ നിര്‍മിതിയാണ് നമ്മുടെ ലക്ഷ്യം. അതിന് ശാസ്ത്ര അവബോധം അനിവാര്യമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്ത്രീകളുടെ മേലുള്‍പ്പെടെ വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കാന്‍ ഉണ്ടാകുന്ന ശ്രമങ്ങള്‍ നമ്മുടെ ലക്ഷ്യത്തിന് തടസ്സം നില്‍ക്കുന്ന ഒന്നാണ്.

അത്തരം വാദഗതികള്‍ അംഗീകരിച്ചുകൊടുക്കുന്ന നയമല്ല സര്‍ക്കാരിന്റേത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ ജാതി-മത-ലിംഗ ഭേദമന്യേ അവര്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതിന് സഹായകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് എല്ലാവരും മുന്‍കൈ എടുക്കേണ്ടത്.

കേരളത്തിലെ സ്ത്രീസമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാരിന് തികഞ്ഞ ബോധ്യമുണ്ട്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ആണ്‍കോയ്മ വ്യവസ്ഥ എന്നിവ സമൂഹ മനഃസ്ഥിതിയില്‍ പരിവര്‍ത്തനമുണ്ടായാലേ മാറുകയുള്ളൂ. ഇതിന് വിഘാതം നില്‍ക്കുന്ന പ്രസ്താവനകള്‍ ചില കേന്ദ്രങ്ങളില്‍നിന്നും ഉണ്ടാകുന്നു എന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

إرسال تعليق

0 تعليقات