banner

'പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം, പീഡന പരാതി നിലനില്‍ക്കില്ല'; സിവിക് ചന്ദ്രന് എതിരായ കേസില്‍ വിവാദ പരാമര്‍ശം നടത്തി കോടതി

എഴുത്തുകാരനായ സിവിക് ചന്ദ്രന് എതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ വിവാദ പരാമര്‍ശവുമായി കോഴിക്കോട് സെഷന്‍സ് കോടതി. പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. അതിനാല്‍ പീഡനാരോപണം നിലനില്‍ക്കില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി പറഞ്ഞു.

പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നു എന്നാണ് ജാമ്യാപേക്ഷയോടൊപ്പം കുറ്റാരോപിതന്‍ സമര്‍പ്പിച്ച ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. അതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 354എ പ്രകാരമുള്ള കുറ്റകൃത്യം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

74 വയസുള്ള ശാരീരിക ശേഷിയില്ലാത്ത സിവിക് ചന്ദ്രന്‍ പരാതിക്കാതിരെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു എന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല. 354-ാം വകുപ്പ് പ്രയോഗിക്കണമെങ്കില്‍ ശാരീരികമായി സ്പര്‍ശം ഉണ്ടാവുകയും ലൈംഗികാവശ്യത്തിനായുള്ള ചേഷ്ടകള്‍ നടത്തുകയും ലൈംഗിക ബന്ധത്തിന് ആവശ്യപ്പെടുകയും വേണമെന്നും കോടതി നിരീക്ഷിച്ചു.

2020ല്‍ കോഴിക്കോട് നടന്ന ഒരു ക്യാമ്പിനിടെ സിവിക് ചന്ദ്രന്‍ പരാതിക്കാരിയെ ലൈംഗികമായി കീഴ്പ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. മറ്റൊരു യുവ എഴുത്തുകാരിയും സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. രണ്ടു പരാതിയിലും സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Post a Comment

0 Comments