കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ സിപിഎം പഞ്ചായത്ത് മെമ്പര്‍ അടക്കം മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം പഞ്ചായത്ത് അംഗം ബൈജു വിജയന്‍, സുനില്‍, മിജു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭവനഭേദനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.
യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി മനുകുമാര്‍, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി ആക്രമിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം മനുവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്.
തുടര്‍ന്ന് കമ്പി വടികൊണ്ട് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇരുമ്പു കമ്പി കൊണ്ട് അടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ മനു കുമാറും ആന്റോ ആന്റണിയും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആന്റോ ആന്റണിയുടെ ദേഹമാസകലം അടിയേറ്റിട്ടുണ്ട്. തലയിലും പരിക്കുണ്ട്.
പ്രദേശത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചതില്‍ പ്രകോപിതരായാണ് സിപിഎം നേതാവും സംഘവും അക്രമം നടത്തിയതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഒരു തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത് എന്നാണ് പൊലീസ് ഭാഷ്യം. മനുവിന്റെ അയല്‍ക്കാരനായ മജുവുമായി അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. ഇവിടെ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നും പൊലീസ് പറയുന്നു.
0 Comments