banner

സിപിഎം സംസ്ഥാന സമിതി ഇന്ന് അവസാനിക്കും; സർക്കാരിനെതിരായ വിമർശനങ്ങൾക്ക് മറുപടി ഉണ്ടായേക്കും

തിരുവനന്തപുരം : അഞ്ച് ദിവസം നീണ്ട നേതൃയോഗങ്ങൾക്ക് ശേഷം സിപിഎം സംസ്ഥാന സമിതി ഇന്ന് അവസാനിക്കും. സർക്കാരിനെതിരെ സംസ്ഥാന സമിതി യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ച വിമർശനങ്ങൾക്ക് ഇന്ന് നേതൃത്വത്തിൻ്റെ മറുപടിയുണ്ടായേക്കും. വിമർശനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇന്ന് നേരിട്ട് മറുപടി പറഞ്ഞേക്കും. 

സിപിഎം സംസ്ഥാന സമിതിയിലെ പാതിയിലേറെ നേതാക്കളും സർക്കാരിൻ്റെ പ്രവർത്തനം വിലയിരുത്തി സംസാരിച്ചേന്നാണ് സൂചന. രണ്ടാം പിണറായി സർക്കാരിൻ്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്നായിരുന്നു സമിതിയിലെ പൊതുവെയുള്ള വിലയിരുത്തൽ. സർക്കാരിൻ്റെ പ്രവർത്തനങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള നടപടികളും നിർദ്ദേശങ്ങളും ഇന്നത്തെ യോഗത്തിൽ മുന്നോട്ട് വച്ചേക്കും. 

തദ്ദേശ, ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകൾക്കെതിരെയാണ് പ്രധാനമായും കഴിഞ്ഞ ദിവസങ്ങളിൽ വിമർശനമുണ്ടായത്. ഉദ്യോഗസ്ഥ ഭരണവും, തുടർച്ചയായ പൊലീസ് വീഴ്ചയും ചർച്ചയായി. പൊലീസിൻ്റെ പ്രവർത്തനങ്ങളിൽ കാര്യമായ നിയന്ത്രണം വേണമെന്നും ആവശ്യം ഉയർന്നു. കെഎസ്ആർടിസി പ്രതിസന്ധിയിൽ യൂണിയനുകളെ പിണക്കുന്ന നടപടിക്കെതിരെയും കടുത്ത വിമർശനമാണ് യോഗത്തിലുണ്ടായത്. 

മന്ത്രിമാർക്കെതിരെയും വിമർശനമുണ്ട്. പ്രവർത്തന മികവിൽ ഒന്നാം പിണറായി സർക്കാരിന്‍റെ അടുത്തെങ്ങും നിലവിലുള്ള മന്ത്രിമാർ എത്തുന്നില്ലെന്ന് വിമര്‍ശനം ഉയർന്നു. സ്വന്തമായി തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുകയാണ് ചില മന്ത്രിമാർ. പല മന്ത്രിമാരെയും ഫോൺ വിളിച്ചാൽ കിട്ടില്ലെന്നും വിമര്‍ശനമുണ്ടായി. മന്ത്രിമാരുടെ ഓഫീസിനെതിരെയും വിമർശനമുണ്ട്. തദ്ദേശം, ആരോഗ്യം, കെ എസ് ആർ ടി സി, പൊതുമരാമത്ത്, വനം എന്നീ വകുപ്പുകൾക്കെതിരെ വിമർശനം ഉയര്‍ന്നത്.

ഇതെല്ലാം പരിഹരിക്കാൻ ശക്തമായ ഇടപെടൽ വേണമെന്നും ആവശ്യമുയർന്നു. ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏകോപനകുറവുണ്ടായി എന്നും വിമര്‍ശനം ഉയര്‍ന്നു.   

Post a Comment

0 Comments