കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് എറണാകുളം സിപിഐ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്.
എല്ലാ വകുപ്പുകളുടെയും നിയന്ത്രണം മുഖ്യമന്ത്രി കയ്യടക്കുന്നതായി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. സില്‍വര്‍ ലൈന്‍ വിഷയത്തിലടക്കം സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലാണ് സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിലുയര്‍ന്നുവന്നത്.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കിയ രീതി ശരിയല്ലെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം വിളിച്ചുവരുത്തിയെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. സിപിഎമ്മും മുഖ്യമന്ത്രിയും മാത്രം തീരുമാനിച്ച് ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങള്‍ അടക്കം നടത്തുന്നു. ഇത് മുന്നണി സംവിധാനത്തിന് ഗുണം ചെയ്യില്ലെന്നും യോഗത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. സിപിഐയുടെ കൈവശമുള്ള റവന്യൂ വകുപ്പിന് നേരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉണ്ടായി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയവും സമ്മേളനത്തില്‍ പ്രതിനിധികള്‍ വിലയിരുത്തി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ.വി. തോമസ് എത്തിയത് എല്‍ഡിഎഫിന് തിരിച്ചടിയായെന്ന് എറണാകുളം സിപിഐ ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. എല്‍ഡിഎഫിന്റെ മൂല്യധിഷ്ഠിത രാഷ്ട്രീയത്തിന് എതിരായ തീരുമാനമായാണ് കെ.വി. തോമസെത്തിയതിനെ വോട്ടര്‍മാര്‍ കണ്ടതെന്നും സിപിഐ യോഗം വിമര്‍ശനമുയര്‍ന്നു. മന്ത്രിമാരെ കുറിച്ചും ജനങ്ങള്‍ക്ക് വ്യാപക പരാതിയുണ്ടെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് വിലയിരുത്തി.
0 Comments