banner

ഖത്തറിൽ നിന്നെത്തിയ 35 കാരനെ കാണാതായി; പിന്നിൽ സ്വർണ്ണക്കടത്ത് സംഘമോ?; അന്വേഷണത്തിന് പ്രത്യേക സംഘം

കോഴിക്കോട് : വളയത്ത് ഖത്തറിൽ നിന്നെത്തിയ യുവാവിനെ കാണാതായതായി പരാതി. ചെക്യാട് വാതുക്കൽ പറമ്പത്ത് റിജേഷി(35)നെയാണ് കാണാതായത്. അവസാനമായി ജൂൺ പത്തിനാണ് യുവാവ് ടെലിഫോൺ വഴി ബന്ധുക്കളുമായി സംസാരിച്ചത്.

ജൂൺ 16-ന് കണ്ണൂർ വിമാനത്താവളം വഴി നാട്ടിൽ എത്തുമെന്ന് റിജേഷ് വീട്ടുകാർക്ക് വിവരം നൽകിയിരുന്നു. നാട്ടിലേക്ക് പോന്നതായി റിജേഷിന്റെ ഖത്തറിലുള്ള സുഹൃത്തുക്കളും പറയുന്നു. പക്ഷേ, ഇയാളെ കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഇതിനിടെ, ജൂൺ 15-ന് റിജേഷ് നാട്ടിലെത്തിയിട്ടുണ്ടെന്നും അവന്റെ കൈവശം കൊടുത്തുവിട്ട സാധനം വേണമെന്നും ഇല്ലെങ്കിൽ വിടില്ലെന്നും പറഞ്ഞ് ഭീഷണി കോളുകൾ വന്നു. അന്നും തൊട്ടടുത്ത ദിവസങ്ങളിലും ചില ആളുകൾ വീട്ടിലെത്തി. റിജേഷ് നാട്ടിലെത്തിയിട്ടുണ്ടെന്നും സാധനം വേണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ഇവർ ചെയ്തതെന്നും റിജേഷിന്റെ സഹോദരൻ പറഞ്ഞു.

ഖത്തറിൽ നിന്ന് പലതവണ ഫോൺകോളുകൾ വന്നുയ റിജേഷിന്റെ കയ്യിൽ കൊടുത്തുവിട്ട സാധനം എത്തേണ്ടിടത്ത് എത്തിയില്ലെന്നും അത് തിരിച്ചുവേണമെന്നും പറഞ്ഞാണ് ഭീഷണിയെന്നും സഹോദരൻ പറയുന്നു. പന്തിരിക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ വാർത്ത വന്നതോടെയാണ് സഹോദരൻ രാജേഷ് വളയം പോലീസിൽ പരാതി നൽകിയത്. റിജേഷിനെ അന്വേഷിച്ച് പലരും വന്നതായി നാട്ടുകാരും പറയുന്നു. കേസിൽ അന്വേഷണം ആരംഭിച്ചതായി വളയം സി.ഐ. അറിയിച്ചു.

അതേ സമയം, കോഴിക്കോട് വളയം സ്വദേശി റിജേഷിൻ്റെ തിരോധാനം പ്രത്യേക സംഘം അന്വേഷിക്കും. നാദാപുരം ഡിവൈഎസ്പി വിവി ലതീഷിനാണ് മേൽനോട്ട ചുമതല. സ്വർണക്കടത്ത് സംഘത്തിൻ്റെ കുരുക്കിലകപ്പെട്ട് ഇയാളെ കാണാതായെന്നാണ് സംശയം. 

സഹോദരൻ്റെ പരാതിയിലാണ് വളയം പൊലീസ് കേസെടുത്തത്. ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് സഹോദരൻ രാജേഷ് ട്വന്റി ഫോറിനോട് പറഞ്ഞു. ഗൾഫിൽ നിന്ന് വന്ന ഭീഷണി കോളിന് പിന്നാലെ ചില ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സഹോദരൻ വ്യക്തമാക്കി.

Post a Comment

0 Comments