banner

പോലീസുകാരെ പറ്റിച്ച് ഒന്നരക്കോടിയുമായി മുങ്ങിയ മുൻ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ



ഇടുക്കി : അമിതപലിശയും ലാഭവും വാഗ്ദാനംചെയ്ത് പോലീസുകാരെ പറ്റിച്ച് ഒന്നരക്കോടി രൂപയുമായി മുങ്ങിയ മുൻ പോലീസ് ഉദ്യോഗസ്ഥനെ തമിഴ്‌നാട്ടിൽനിന്നും അറസ്റ്റുചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീർ ഷാ(43)ആണ് അറസ്റ്റിലായത്.

2017- 18-ൽ, പോലീസുകാരായ സഹപ്രവർത്തകരെക്കൊണ്ട് പോലീസ് സൊസൈറ്റിയിൽനിന്നും വായ്പ എടുപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സഹപ്രവർത്തകരായ പലരിൽനിന്നും അഞ്ചുലക്ഷം മുതൽ 25 ലക്ഷംവരെ ഇയാൾ വാങ്ങി. സൊസൈറ്റിയിൽ അടയ്ക്കുവാനുള്ള പ്രതിമാസ തവണയും, ലാഭമായി 15000 മുതൽ 25000 വരെയും വാഗ്ദാനംചെയ്താണ് ഇയാൾ പണം വാങ്ങിയത്.

ആദ്യ ആറുമാസം ഇത്തരത്തിൽ വായ്പ അടയ്ക്കുകയും ലാഭം കൃത്യമായി നല്കുകയുംചെയ്തു. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിലൂടെയാണ് ലാഭം നൽകാനുള്ള തുക ലഭിക്കുന്നതെന്നാണ് ഇയാൾ ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ഒരുവർഷം കഴിഞ്ഞപ്പോൾ ഇയാൾ മുങ്ങുകയായിരുന്നു. ചിലർ പരാതി നൽകി. തുടർന്ന് ഇയാളെ 2019-ൽ സർവീസിൽനിന്ന്‌ പിരിച്ചുവിട്ടു. തട്ടിപ്പിനിരയായ കുറച്ചുപേർ മാത്രമേ പരാതി നല്കിയിരുന്നുള്ളൂ. പരാതിപ്രകാരം, ഒന്നരക്കോടിയോളം രൂപയുടെ കണക്കാണ് പുറത്തുവരുന്നത്. എന്നാൽ ആറ് കോടിയിലധികം രൂപ ഇയാൾ തട്ടിയെടുത്തെന്ന് സൂചനയുണ്ട്. വകുപ്പുതല നടപടി ഭയന്ന്, പണം നൽകിയ പോലീസുകാരിൽ ഏറിയ പങ്കും പരാതി നൽകിയിട്ടില്ല. അന്വേഷണം നടക്കുന്നതിനിടെ പ്രതി മുങ്ങി. ഒടുവിൽ ഇക്കൊല്ലം ഇടുക്കി ഡി.സി.ആർ.ബി. കേസന്വേഷണം ഏറ്റെടുത്തു.

ഇടുക്കി ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. ജിൽസൺ മാത്യുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നിർദേശപ്രകാരം അമീർ ഷായെ തമിഴ്‌നാട്ടിൽനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി. ഇടുക്കി ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ എസ്.ഐ.മാരായ മനോജ്, സാഗർ, എസ്.സി.പി.ഒ. മാരായ സുരേഷ്, ബിജുമോൻ സി.പി.ഒ.മാരായ ഷിനോജ്, ജിജോ എന്നിവർ അറസ്റ്റിന് നേതൃത്വംനൽകി.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments