banner

കഞ്ചാവ് കേസിലെ പ്രതി ജയില്‍ചാടി; രക്ഷപ്പെട്ടത് കുളിമുറിയിലെ എയര്‍ഹോള്‍ വഴി



വടകര : കഞ്ചാവു കേസ് പ്രതി വടകര സബ്ജയിലിൽനിന്നുചാടി രക്ഷപ്പെട്ടു. താമരശ്ശേരി ചുങ്കം എരവത്ത് കണ്ടി ഫഹദ് (25) ആണ് ജയിൽ ചാടിയത്. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഇയാൾ ബുധനാഴ്ച്ച വൈകുന്നേരം നാലുമണിയോടെയാണ് ജയിൽചാടിയത്. ജയിലിലെ തടവുകാർക്കുള്ള ശൗചാലയത്തിന്റെ എയർഹോൾവഴിയാണ് പ്രതി പുറത്തുചാടി രക്ഷപ്പെട്ടത്.

കഞ്ചാവുകേസിൽ എക്‌സൈസ് അറസ്റ്റുചെയ്ത പ്രതിയാണ് ഫഹദ്. വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത ഫഹദ് ജൂൺ ഏഴിനാണ് ജയിലിലെത്തുന്നത്. പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തുന്നുണ്ട്.

വൈകുന്നേരത്തെ ദിനചര്യകൾക്കായി ശൗചാലയത്തിൽ കയറിയ ഫഹദ് തിരികെവരാൻ വൈകിയതോടെയാണ് ജയിൽ ഉദ്യോഗസ്ഥർക്ക് സംശയംതോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മെലിഞ്ഞ ശരീരപ്രകൃതമുള്ള ഇയാൾ എയർഹോൾവഴി പുറത്തുചാടി രക്ഷപ്പെട്ടതായി കണ്ടെത്തി. ജയിൽവളപ്പിലെ ആളൊഴിഞ്ഞ പറമ്പിലേക്കാണ് എയർഹോൾ തുറക്കുന്നത്.

16 റിമാൻഡ് പ്രതികളാണ് നിലവിൽ വടകര സബ്ജയിലിലുള്ളത്. വേണ്ടത്ര സുരക്ഷയോ, അടച്ചുറപ്പോ ഇല്ലാത്ത പഴയ കെട്ടിടത്തിലാണ് വർഷങ്ങളായി വടകര സബ്ജയിൽ പ്രവർത്തിക്കുന്നത്. സംഭവത്തിൽ ജയിൽ ഡി.ജി.പി. റിപ്പോർട്ട് തേടിയിട്ടുണ്ട്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments