banner

ഗവർണറുടെ ഇടപെടൽ; പ്രിയ വർ​ഗീസിന്റെ നിയമന നടപടി സ്റ്റേ ചെയ്തു



തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രഫസർ നിയമന നടപടി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തു. സിപിഎം നേതാവ് കെ കെ രാ​ഗേഷിന്റെ ഭാര്യ പ്രിയ വർ​ഗീസിന് ഒന്നാം റാങ്ക് നൽകിയതിനെതിരെ പരാതി ഉയർന്നിരുന്നു.  ഈ പശ്ചാത്തലത്തിൽ നിയമവിദ​ഗ്ധരുമായി ആലോചിച്ചാണ് ​ചാന്‍സലര്‍ എന്ന നിലയില്‍ ഗവർണറുടെ നടപടി. 


ksfe prakkulam

കണ്ണൂർ സർവകലാശാലയുടെ 1996ലെ ആക്ട് പ്രകാരമാണ് നടപടി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് ​ഗവർണർ നടപടി സ്വീകരിച്ചത്. നിയമന നടപടിയുമായി ബന്ധപ്പെട്ട് ​വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അടക്കമുള്ളവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. നിയമനവുമായി ബന്ധപ്പെട്ട് ​വൈസ് ചാൻസലറുടെ വാദങ്ങൾ തള്ളി കൊണ്ടാണ് ​ഗവർണറുടെ നടപടി. 

കണ്ണൂർ സർവകലാശാലയിൽ സ്വജനപക്ഷപാതവും ഗുരുതര ചട്ടലംഘനവും നടക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ തുറന്നടിച്ചിരുന്നു. തനിക്ക് ചാൻസലറുടെ അധികാരം ഉള്ള കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. കണ്ണൂർ സർവകലാശാലയിൽ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നു എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ഗവർണർ വ്യക്തമാക്കി

അതിനിടെ, കണ്ണൂർ സർവകലാശാലയിൽ പ്രിയ വ‍ർഗീസിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നായിരുന്നു 
വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം.കണ്ണൂർ സർവകലാശാലയിൽ ക്രമക്കേട് നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു എന്ന് ​ഗവർണർ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ​ഗോപിനാഥ് രവീന്ദ്രന്റെ വാക്കുകൾ. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.

ഗവർണർ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിന്  പകരം എഴുതി നൽകുകയാണെങ്കിൽ മറുപടി നൽകാമെന്നും ഡോ.ഗോപിനാഥൻ നായർ പറ‍ഞ്ഞു. റിസർച്ച് സ്കോർ എന്നത് ഉദ്യോഗാർത്ഥികളുടെ അവകാശം മാത്രമല്ല, യൂണിവേഴ്സിറ്റി സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണ്. ഇക്കാര്യത്തിൽ പ്രിയ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചിട്ടില്ല. വിവരാവകാശ രേഖ വഴി ഇന്റർവ്യൂവിന്റെ റെക്കോർഡ് പുറത്തു വിടാൻ കഴിയുമോ എന്നതിൽ വ്യക്തത ഇല്ല എന്നും വൈസ് ചാൻസലർ പറഞ്ഞു. പുറത്തു വിടാൻ കഴിയില്ലെന്നാണ് നിയമ വൃത്തങ്ങളിൽ നിന്ന് മനസിലാകുന്നത്. അത്തരത്തിൽ ചെയ്യണമെങ്കിൽ ഇന്റർവ്യൂ ബോർഡിലെ 11 പേരുടെയും അഭിമുഖത്തിൽ പങ്കെടുത്ത ആറു പേരുടെയും അനുമതി വേണ്ടി വരുമെന്നും ഡോ.ഗോപിനാഥൻ നായർ വ്യക്തമാക്കി. സർവകലാശാലയ്ക്ക് ഇക്കാര്യത്തിൽ ബുദ്ധിമുട്ടൊന്നും ഇല്ലെന്നും വൈസ് ചാൻസലർ അറിയിച്ചു.

Post a Comment

0 Comments